HomeKollamഭിന്നശേഷി കുട്ടികൾക്ക് കാഴ്‌ചയുടെ വെളിച്ചമേകി 'അൻപ്'; സമാപനം നവംബർ 7-ന് കൊല്ലത്ത്, കെ.എസ്. ചിത്ര മുഖ്യാതിഥി

ഭിന്നശേഷി കുട്ടികൾക്ക് കാഴ്‌ചയുടെ വെളിച്ചമേകി ‘അൻപ്’; സമാപനം നവംബർ 7-ന് കൊല്ലത്ത്, കെ.എസ്. ചിത്ര മുഖ്യാതിഥി

- Advertisement -

കൊല്ലം: കേരളത്തിലെ നേത്രരോഗവിദഗ്‌ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്‌താൽമിക് സർജൻസ് (KSOS) ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടപ്പിലാക്കിയ മാതൃകാ പദ്ധതിയായ ‘അൻപ്’ന്റെ വാർഷിക സമാപനം നവംബർ 7 ശനിയാഴ്‌ച കൊല്ലത്ത് നടക്കും. വൈകുന്നേരം 4 മുതൽ 7 വരെ കൊല്ലം ബീച്ച് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്‌ത ഗായിക പത്മഭൂഷൺ കെ. എസ്. ചിത്ര വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. കെ.എസ്.ഒ.എസും കൊല്ലം ഒഫ്‌താൽമിക് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

​കെ.എസ്.ഒ.എസ് പ്രസിഡൻ്റ് ഡോ. രാജീവ് സുകുമാരൻ വിഭാവനം ചെയ്‌ത പ്രസിഡൻഷ്യൽ പ്രോജക്‌ടാണ് ‘അൻപ്’. ശാരീരികവും മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷ്യൽ കുട്ടികൾക്ക് സമഗ്രമായ നേത്രപരിചരണവും തുടർചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷം മുൻപ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

​110 ക്യാമ്പുകൾ; 5,295 കുട്ടികൾക്ക് പരിശോധന

​സംസ്ഥാനത്തെ 14 ജില്ലകളിലായി KSOS-ലെ ഡോക്ടർമാരുടെ കൂട്ടായ്മയിലൂടെ 110 നേത്രപരിശോധനാ ക്യാമ്പുകൾ വിജയകരമായി പൂർത്തിയാക്കി. ക്യാമ്പുകളിലൂടെ 5,295 കുട്ടികളെയാണ് വിശദമായ പരിശോധനകൾക്ക് വിധേയരാക്കിയത്. 650-ലധികം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുകയും, ആവശ്യമായവർക്ക് തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സകൾ തികച്ചും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.

​ഡോക്ടർമാർ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തിയാണ് സംസ്ഥാന വ്യാപകമായി ഇത്രയും വലിയ സേവന പ്രവർത്തനം നടപ്പിലാക്കിയത്. കരുനാഗപ്പള്ളി വവ്വാക്കാവിലുള്ള പ്രിയങ്ക ഐ ഹോസ്പിറ്റലിൽ മാത്രം കഴിഞ്ഞ 30 വർഷമായി ഇത്തരം കുട്ടികൾക്ക് പൂർണ്ണമായും സൗജന്യ ചികിത്സ നൽകിവരുന്നുണ്ടെന്നും, ആ മാതൃകയാണ് സംഘടനയിലൂടെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചതെന്നും ഡോ. രാജീവ് സുകുമാരൻ വ്യക്തമാക്കി.

​കുട്ടികളുടെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദി

​പദ്ധതിയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ലധികം സ്പെഷ്യൽ കുട്ടികൾ പങ്കെടുക്കും. പൂർണ്ണമായും ഈ കുട്ടികൾ തന്നെയാണ് വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. സംസാരശേഷി കുറവുള്ള കുട്ടികൾ പോലും അതിശയകരമായ രീതിയിൽ പാട്ടുപാടാനും നൃത്തം ചെയ്യാനും ചിത്രരചന നടത്താനും കഴിവുള്ളവരാണെന്നും, അവരുടെ കഴിവുകളെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്.

​ഭിന്നശേഷിക്കാരായ കുട്ടികളിൽ കാഴ്ചാ വൈകല്യങ്ങൾ കൃത്യസമയത്ത് കണ്ടെത്തി തിരുത്തലുകൾ വരുത്തിയാൽ അവരുടെ പെരുമാറ്റത്തിലും പഠനത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത്തരം കുട്ടികളെ വീടുകളിൽ ഒതുക്കി നിർത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ മാതാപിതാക്കളും പൊതുസമൂഹവും മുന്നോട്ട് വരണമെന്നും, ഭാവിയിൽ ഈ സംരംഭം സർക്കാർ തലത്തിലുള്ള തുടർപദ്ധതിയായി ഏറ്റെടുക്കണമെന്നാണ് ആഗ്രഹമെന്നും ഡോ. രാജീവ് സുകുമാരൻ പറഞ്ഞു.

​വാർത്താസമ്മേളനത്തിൽ ഡോ. യാസ്മിൻ അലി, ഡോ. ഷൈനി നെപ്പോളിയൻ തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments