HomeKollamമരങ്ങൾ വെട്ടിമാറ്റുന്ന കാലത്ത് ഒരു ഹരിത മാതൃക; ഉണങ്ങിയ ആൽമരത്തിന് വൃക്ഷചികിത്സയിലൂടെ പുതുജീവൻ

മരങ്ങൾ വെട്ടിമാറ്റുന്ന കാലത്ത് ഒരു ഹരിത മാതൃക; ഉണങ്ങിയ ആൽമരത്തിന് വൃക്ഷചികിത്സയിലൂടെ പുതുജീവൻ

- Advertisement -

പെരിനാട്: പച്ചപ്പുണരുന്ന കേരളപ്പിറവി ദിനത്തിൽ പ്രകൃതിസ്നേഹത്തിന്റെ മാതൃകാപരമായ ഒരു അതിജീവന ചരിത്രം പങ്കുവെക്കുകയാണ് കൊല്ലം പെരിനാട് ഗ്രാമപഞ്ചായത്തിലെ കുഴിയം ഗ്രാമം. പെരിനാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ കുഴിയം തെക്ക് കരയോഗം മന്ദിരത്തിന് മുൻപിലായി തലയെടുപ്പോടെ നിന്നിരുന്ന, പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരമാണ് നാടിന്റെ കൂട്ടായ്മയിലും പരമ്പരാഗത വൃക്ഷചികിത്സയിലൂടെയും പുതുജീവൻ നേടി പച്ചച്ചാർത്തണിഞ്ഞ് നിൽക്കുന്നത്. വികസനത്തിന്റെയോ അപകടസാധ്യതയുടെയോ പേരിൽ തണൽമരങ്ങൾ വെട്ടിനിരത്തുന്ന വർത്തമാനകാലത്ത്, ഉണങ്ങിപ്പോയ ഒരു മഹാവൃക്ഷത്തെ ചികിൽസിച്ച് ജീവനിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇവിടുത്തെ നാട്ടുകാരുടെ പ്രയത്നം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയാണ്.

പതിറ്റാണ്ടുകളോളം ആ വഴിയിലെ യാത്രക്കാർക്കും നാട്ടുകാർക്കും തണലേകി നിന്ന ആൽമരം പൂർണ്ണമായും ഉണങ്ങി നശിക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് അപകടഭീഷണി ഉയർത്തിയതോടെ മരം മുറിച്ചു മാറ്റുവാൻ അധികൃതർ പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ കുട്ടിക്കാലം മുതൽ കണ്ടുപരിചയിച്ച തണലിടം വെട്ടിമാറ്റാൻ നാട്ടുകാർ തയ്യാറായില്ല. ഏതുവിധേനയും വൃക്ഷത്തെ സംരക്ഷിച്ച് നിലനിർത്തണമെന്ന നാട്ടുകാരുടെ നിശ്ചയദാർഢ്യമാണ് അത്യപൂർവ്വമായ ഈ പുനർജനിയിലേക്ക് വഴിതുറന്നത്.

തുടർന്ന് പ്രദേശവാസികളുടെ അന്വേഷണം ചെന്നെത്തിയത് പ്രശസ്ത വൃക്ഷചികിത്സകനായ കോട്ടയം സ്വദേശി ബിനുവിലാണ്. നാട്ടുകാരുടെ ക്ഷണപ്രകാരം ബിനു കുഴിയത്തെത്തി മരത്തിന് വിദഗ്ദ്ധ വൃക്ഷചികിത്സ നൽകുകയായിരുന്നു. 2023 ഒക്ടോബറിലായിരുന്നു ഈ ചികിത്സ നടന്നത്. പരമ്പരാഗത ആയുർവേദ ഔഷധക്കൂട്ടുകളും പ്രത്യേകം തയ്യാറാക്കിയ മണ്ണും ചേർത്ത് മരത്തിന്റെ തായ്‌ത്തടിയിലും പ്രധാന ഭാഗങ്ങളിലും പൂർണ്ണമായി പൂശി. തുടർന്ന് ഈ ഭാഗങ്ങൾ ഈർപ്പം നിലനിൽക്കാനായി തുണിച്ചാക്കുകൾ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി സംരക്ഷിച്ചു. ദിവസവും നിശ്ചിത അളവിൽ ചാക്കിൽ വെള്ളമൊഴിച്ചു നൽകണമെന്ന നിർദ്ദേശമാണ് ബിനു പ്രദേശവാസികൾക്ക് നൽകിയത്.

നാട്ടുകാർ ഈ നിർദ്ദേശം ഒരു ദൗത്യമായി ഏറ്റെടുത്തു. ആഴ്ചകളോളം നീണ്ട കൃത്യമായ പരിചരണവും പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പും ഒടുവിൽ ഫലം കണ്ടു. കരിഞ്ഞുണങ്ങിപ്പോയ മരത്തടിയിൽ നിന്ന് പച്ചപ്പടർപ്പുകൾ പുതിയ നാമ്പുകളായി മുളപൊട്ടി. ഇപ്പോൾ ആൽമരം ശിഖരങ്ങൾ പടർത്തി പഴയതിനേക്കാൾ പ്രൗഢിയോടെ, ഇടതൂർന്ന ഇലകളുമായി തണൽവിരിച്ചു നിൽക്കുകയാണ്.

തണൽമരങ്ങൾ എവിടെയും വെട്ടിമാറ്റപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ മരം സംരക്ഷിക്കാൻ കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്ന് ഇതിനായി മുന്നിട്ടിറങ്ങിയ പ്രദേശവാസിയായ സുരേന്ദ്രൻ പറഞ്ഞു. നാടിന്റെ കൂട്ടായ്മയുടെയും പ്രകൃതിയോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെയും പ്രതീകമാണ് ഇന്ന് തളിർത്തുനിൽക്കുന്ന ഈ ആൽമരം. വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ തണലും കുളിർമയും ഏകുന്ന ഈ മരം കാണാനും നാട്ടുകാരുടെ ഈ ഹരിതപ്രവർത്തിയെ അഭിനന്ദിക്കാനും പുറത്തുനിന്നുപോലും നിരവധി ആളുകളാണ് ഇപ്പോൾ കുഴിയത്തേക്ക് എത്തുന്നത്.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments