കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചിറ്റുമൂലയ്ക്ക് സമീപത്തുനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.705 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതിക്ക് മൂന്ന് വർഷം കഠിനതടവും കാൽലക്ഷം രൂപ പിഴയും വിധിച്ചു. തഴവ വില്ലേജിൽ കടത്തൂർ മുറി എൻ.എൻ കോട്ടേജിൽ നജാദിനെയാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. പിഴ തുകയായ 25,000 രൂപ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
2022 ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരുനാഗപ്പള്ളി ചിറ്റുമൂല നഴ്സറി മുക്കിന് സമീപം കരുനാഗപ്പള്ളി പോലീസ് സംഘം രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പോലീസ് സംഘം വാഹനം നിർത്തി അടുത്തേക്ക് ചെന്നയുടൻ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മുഹമ്മദ് ഷാൻ എന്നയാൾ പെട്ടെന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതോടെ അതീവ ജാഗ്രത പുലർത്തിയ പോലീസ് ഉദ്യോഗസ്ഥർ, പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഒന്നാം പ്രതിയായ നജാദിനെ ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗും സാധനങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന 1.705 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ അലോഷ്യസ് അലക്സാണ്ടറുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അലോഷ്യസ് അലക്സാണ്ടർ രജിസ്റ്റർ ചെയ്ത കേസിൽ കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന ശ്രീകുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണ ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ഒളിവിൽ പോകുകയും ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ഷാനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂപ് ബി. കോടതിയിൽ ഹാജരായി വാദിച്ചു. എസ്.ഐ മനോരഥൻ പിള്ള പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T
