പരവൂർ: പരവൂർ – ചാത്തന്നൂർ റോഡിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഗ്രോബസാറിൽ ഇന്നലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. എസ്.എൻ.വി സമാജത്തിന് എതിർവശത്തായി സ്ഥിതിചെയ്യുന്ന വ്യാപാര സ്ഥാപനത്തിനാണ് രാത്രി എട്ടരയോടെ തീപ്പിടിച്ചത്. നിമിഷനേരം കൊണ്ട് ആളിപ്പടർന്ന തീയിൽ കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികൾ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൂട്ടൽ.
രാത്രി കടയടച്ചതിന് പിന്നാലെയാണ് സ്ഥാപനത്തിനുള്ളിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് പരവൂർ, ചാത്തന്നൂർ എന്നിവിടങ്ങളിൽ നിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം അതിവേഗം സ്ഥലത്തെത്തി. അപ്പോഴേക്കും തീ കെട്ടിടമാകെ പടർന്നുപിടിച്ചിരുന്നു. മേൽക്കൂര ഷീറ്റ് പാകി നിർമ്മിച്ച കെട്ടിടമായതിനാൽ ചൂടുകൂടി തീ അതിവേഗം ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനും സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനും സാധിച്ചത്.
രണ്ട് മുറികളിലായി പ്രവർത്തിച്ചിരുന്ന അഗ്രോബസാറിലെ ഒരു മുറി പൂർണ്ണമായും ചാരമായി. കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ തുടങ്ങി വൻതോതിലുള്ള കാർഷിക ഉൽപ്പന്നങ്ങളാണ് ഇവിടെ സംഭരിച്ചിരുന്നത്. ഇവയെല്ലാം പൂർണ്ണമായി കത്തിനശിച്ചതാണ് നാശനഷ്ടത്തിന്റെ തോത് ഉയർത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്റെയും പോലീസിന്റെയും പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് പരവൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് തന്നെയാണോ അതോ മറ്റ് വല്ല കാരണങ്ങളുമുണ്ടോ എന്ന കാര്യത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ആളപായമില്ല എന്നത് മാത്രമാണ് വലിയ ആശ്വാസമായത്.
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T
