കൊല്ലം: യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. പ്രവാസി പെൻഷൻ കുടിശ്ശിക, ലോക കേരള സഭ പിരിച്ചുവിട്ട നടപടി, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക:
പെൻഷൻ മുടങ്ങി; നോർക്ക കെയർ പ്രീമിയം കുത്തനെ കൂട്ടി കഴിഞ്ഞ പത്തുവർഷക്കാലം കൃത്യമായി നൽകിയിരുന്ന പ്രവാസി ക്ഷേമ പെൻഷൻ ഇപ്പോൾ അഞ്ച് മാസത്തോളമായി കുടിശ്ശികയായിരിക്കുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ക്ഷേമനിധി ബോർഡിന് ചെയർമാനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല.
-
നോർക്ക കെയർ പ്രതിസന്ധി: മുൻപ് ഒരു കുടുംബത്തിന് 13,444 രൂപയായിരുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം ഇപ്പോൾ 77,000 രൂപ വരെയായി ക്രമാതീതമായി വർധിപ്പിച്ചു. ഇത് അഞ്ച് ലക്ഷത്തോളം പ്രവാസി കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് പുറത്താക്കാനാണ്.
-
ബജറ്റിൽ അവഗണന: പ്രവാസി മേഖലയ്ക്കായി ബജറ്റിൽ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല.
ലോക കേരള സഭ പിരിച്ചുവിട്ടത് തിരിച്ചടി വിദേശത്തുള്ള 24 ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെയും തിരിച്ചെത്തിയ 30 ലക്ഷത്തോളം പേരുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്ന ലോക കേരള സഭയെ ‘ധൂർത്ത്’ എന്ന് മുദ്രകുത്തി പിരിച്ചുവിട്ടത് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിദേശത്ത് തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ അധ്വാനഫലമാണ് കേരളത്തിന്റെ വികസനത്തിന് കരുത്തായതെന്നും, അവരെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
പ്രക്ഷോഭ പരിപാടികൾ ഇങ്ങനെ:
-
നവംബർ 13, 14, 15: ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണകൾ സംഘടിപ്പിച്ചു. ജില്ലയിൽ ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.
-
നവംബർ 19: ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവാസികൾ അണിനിരക്കുന്ന കൊല്ലം കലക്ടറേറ്റ് മാർച്ച്.
-
നവംബർ 27, 28: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം. സംസ്ഥാനത്തൊട്ടാകെ ശേഖരിക്കുന്ന പത്തുലക്ഷം ഒപ്പുകൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
മുഴുവൻ പ്രവാസി സമൂഹത്തെയും സമാന ചിന്താഗതിയുള്ള സംഘടനകളെയും ഈ ഐക്യ പ്രക്ഷോഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്നും ജില്ലാ പ്രസിഡന്റ് സി. അജയകുമാറും അറിയിച്ചു. പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. ജയലക്ഷ്മി, എം. ശശിധരൻ, ജബ്ബാർ തേക്കിൽ, ജില്ലാ വൈസ് പ്രസിഡന്റ് രാജു രാഘവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. മാത്യു എന്നിവരും പങ്കെടുത്തു.
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T
