കൊല്ലം: കേരളത്തിലെ നേത്രരോഗവിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് (KSOS) ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടപ്പിലാക്കിയ മാതൃകാ പദ്ധതിയായ ‘അൻപ്’ന്റെ വാർഷിക സമാപനം നവംബർ 7 ശനിയാഴ്ച കൊല്ലത്ത് നടക്കും. വൈകുന്നേരം 4 മുതൽ 7 വരെ കൊല്ലം ബീച്ച് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ഗായിക പത്മഭൂഷൺ കെ. എസ്. ചിത്ര വിശിഷ്ടാതിഥിയായി പങ്കെടുക്കും. കെ.എസ്.ഒ.എസും കൊല്ലം ഒഫ്താൽമിക് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെ.എസ്.ഒ.എസ് പ്രസിഡൻ്റ് ഡോ. രാജീവ് സുകുമാരൻ വിഭാവനം ചെയ്ത പ്രസിഡൻഷ്യൽ പ്രോജക്ടാണ് ‘അൻപ്’. ശാരീരികവും മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷ്യൽ കുട്ടികൾക്ക് സമഗ്രമായ നേത്രപരിചരണവും തുടർചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷം മുൻപ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
110 ക്യാമ്പുകൾ; 5,295 കുട്ടികൾക്ക് പരിശോധന
സംസ്ഥാനത്തെ 14 ജില്ലകളിലായി KSOS-ലെ ഡോക്ടർമാരുടെ കൂട്ടായ്മയിലൂടെ 110 നേത്രപരിശോധനാ ക്യാമ്പുകൾ വിജയകരമായി പൂർത്തിയാക്കി. ക്യാമ്പുകളിലൂടെ 5,295 കുട്ടികളെയാണ് വിശദമായ പരിശോധനകൾക്ക് വിധേയരാക്കിയത്. 650-ലധികം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുകയും, ആവശ്യമായവർക്ക് തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സകൾ തികച്ചും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.
ഡോക്ടർമാർ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തിയാണ് സംസ്ഥാന വ്യാപകമായി ഇത്രയും വലിയ സേവന പ്രവർത്തനം നടപ്പിലാക്കിയത്. കരുനാഗപ്പള്ളി വവ്വാക്കാവിലുള്ള പ്രിയങ്ക ഐ ഹോസ്പിറ്റലിൽ മാത്രം കഴിഞ്ഞ 30 വർഷമായി ഇത്തരം കുട്ടികൾക്ക് പൂർണ്ണമായും സൗജന്യ ചികിത്സ നൽകിവരുന്നുണ്ടെന്നും, ആ മാതൃകയാണ് സംഘടനയിലൂടെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചതെന്നും ഡോ. രാജീവ് സുകുമാരൻ വ്യക്തമാക്കി.
കുട്ടികളുടെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദി
പദ്ധതിയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ലധികം സ്പെഷ്യൽ കുട്ടികൾ പങ്കെടുക്കും. പൂർണ്ണമായും ഈ കുട്ടികൾ തന്നെയാണ് വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. സംസാരശേഷി കുറവുള്ള കുട്ടികൾ പോലും അതിശയകരമായ രീതിയിൽ പാട്ടുപാടാനും നൃത്തം ചെയ്യാനും ചിത്രരചന നടത്താനും കഴിവുള്ളവരാണെന്നും, അവരുടെ കഴിവുകളെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്.
ഭിന്നശേഷിക്കാരായ കുട്ടികളിൽ കാഴ്ചാ വൈകല്യങ്ങൾ കൃത്യസമയത്ത് കണ്ടെത്തി തിരുത്തലുകൾ വരുത്തിയാൽ അവരുടെ പെരുമാറ്റത്തിലും പഠനത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത്തരം കുട്ടികളെ വീടുകളിൽ ഒതുക്കി നിർത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ മാതാപിതാക്കളും പൊതുസമൂഹവും മുന്നോട്ട് വരണമെന്നും, ഭാവിയിൽ ഈ സംരംഭം സർക്കാർ തലത്തിലുള്ള തുടർപദ്ധതിയായി ഏറ്റെടുക്കണമെന്നാണ് ആഗ്രഹമെന്നും ഡോ. രാജീവ് സുകുമാരൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡോ. യാസ്മിൻ അലി, ഡോ. ഷൈനി നെപ്പോളിയൻ തുടങ്ങിയവരും പങ്കെടുത്തു.
