പെരിനാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ വികസന വാഗ്ദാനങ്ങളോടെ വെട്ടിപ്പൊളിച്ച റോഡിന്റെ പണി ഒരു വർഷം പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നു. പെരിനാട് പഞ്ചായത്തിലെ കുറ്റിയിൽകട മുക്ക് മുതൽ കുഴിയം തെക്ക് റേഷൻകട മുക്ക് വരെയുള്ള ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന റോഡാണ് പണി പൂർത്തിയാക്കാതെ അധികൃതർ ഉപേക്ഷിച്ച നിലയിലാക്കിയിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ദുരിതയാത്ര നടത്തുന്നത്.
സി.എം.ആർ.ആർ (CMRR) ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. കുറ്റിയിൽകട മുക്ക് മുതൽ കുഴിയം തെക്ക് കരയോഗ മന്ദിരം വരെയുള്ള ഭാഗങ്ങളിൽ മാത്രമാണ് ടാറിംഗ് പൂർത്തിയാക്കിയത്. എന്നാൽ ബാക്കി വരുന്ന പ്രധാനപ്പെട്ട ഭാഗങ്ങളിൽ റോഡ് പൂർണ്ണമായി കുത്തിയിളക്കി മെറ്റൽ മാത്രം പാകിയിട്ടിരിക്കുകയാണ്. കൂർത്ത മെറ്റലുകൾ ചിതറിക്കിടക്കുന്ന റോഡിൽ കാൽനടയാത്ര പോലും അസാധ്യമാണ്. പ്രദേശവാസികൾക്ക് എളുപ്പത്തിൽ ചന്ദനത്തോപ്പിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്. കൂടാതെ നിരവധി ക്ഷേത്രങ്ങൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവയും ഈ റോഡരികിലാണ് സ്ഥിതിചെയ്യുന്നത്.
കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി നിറവിൽ; ആയിരങ്ങൾ അണിനിരന്ന വിശുദ്ധരുടെ മഹാസംഗമവും റാലിയും
പ്രദേശത്ത് ബസ് സർവീസ് ഇല്ലാത്തതിനാൽ സാധാരണക്കാരായ ആളുകൾ ഓട്ടോറിക്ഷകളെയും ഇരുചക്ര വാഹനങ്ങളെയുമാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നിവീണുണ്ടാകുന്ന അപകടങ്ങൾ ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു. റോഡിലിറക്കിയാൽ വണ്ടി കേടുവരുമെന്നതിനാൽ ഇപ്പോൾ ഓട്ടോറിക്ഷകൾ പോലും ഇതുവഴി സർവീസ് നടത്താൻ മടിക്കുകയാണ്. ഓട്ടം പോയാൽ കിട്ടുന്ന വരുമാനം മുഴുവൻ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് പോലും തികയില്ലെന്നാണ് ഓട്ടോ ഡ്രൈവർമാർ പരാതിപ്പെടുന്നത്.
റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചിരുന്നു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥിനെ സമീപിച്ചപ്പോൾ, ടാറിന്റെ വില വർധിച്ചതിനാൽ റീ-ടെണ്ടർ വിളിക്കേണ്ടി വരും എന്ന മറുപടിയാണ് ലഭിച്ചതെന്ന് വാർഡംഗം സുരേന്ദ്രൻ പിള്ളയും ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്നയും വ്യക്തമാക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും വലിയ വികസന വാഗ്ദാനങ്ങളുമായി ജനപ്രതിനിധികൾ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ മാത്രമാണ് മാറിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അധികാരികൾ ഇങ്ങോട്ട് തിരിഞ്ഞുനോക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു. ജനങ്ങളുടെ നടുവൊടിക്കുന്ന ഈ റോഡിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനൊരുങ്ങുന്ന നാട്ടുകാർ, ഒപ്പിട്ട ഭീമഹർജി എം.എൽ.എ പി.സി. വിഷ്ണുനാഥിന് നൽകാനുള്ള തയ്യാറെടുപ്പിലാണ്.
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T
