ഗുജറാത്തിലെ സൂറത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മലയാളി വിദ്യാർത്ഥിയുടെ ദുരദൃഷ്ടകരമായ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൃശൂർ സ്വദേശിയായ അദ്വൈത് നായർ ഇന്ന് പുലർച്ചെയോടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നുവെന്ന് സഹവിദ്യാർത്ഥികൾ പറയുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജീവൻ നഷ്ടമായി.
സംഭവത്തിന് പിന്നാലെ ക്യാമ്പസിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. അദ്വൈതിനെ സമയോട് കൂടെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ വാർഡൻ അലംഭാവം കാട്ടിയതും ഇതുവഴി ചികിത്സ വൈകിയതുമാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിന് കാരണമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. എന്നാൽ എൻഐടി അധികൃതർ വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.




















