കൊല്ലം: കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ത്രിവർഷ ആഘോഷങ്ങളുടെ ഭാഗമായി ഭക്തസംഘടനയായ സെയിന്റ്സ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച വിശുദ്ധരുടെ സംഗമവും റാലിയും വിശ്വാസികളുടെ വൻപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രൂപതയുടെ എഴുനൂറാം വാർഷികത്തിന്റെ പ്രതീകമായി 700 വിശുദ്ധരുടെ സംഗമമാണ് സംഘാടകർ ലക്ഷ്യമിട്ടിരുന്നതെങ്കിലും, വിവിധ ഇടവകകളിൽ നിന്നായി കൊച്ചുകുഞ്ഞുങ്ങളും യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞ് ഒഴുകിയെത്തിയത്. നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിയ വർണ്ണാഭമായ റാലി നാടിന് നവ്യാനുഭവമായി മാറി.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലം ബിഷപ്സ് ഹൗസ് അങ്കണത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. ഇന്റർനെറ്റിന്റെ മധ്യസ്ഥൻ, ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്നീ പേരുകളിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന വിശുദ്ധ കാർലോ അക്യുട്ടിസിന്റെ അസ്സീസിയിൽ നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പ് വഹിച്ചുകൊണ്ട് കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ റാലിയിൽ പങ്കാളിയായി. ഭക്തിഗാനങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെ നീങ്ങിയ റാലി തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തിഡ്രൽ പള്ളിയിൽ സമാപിച്ചു.
മരങ്ങൾ വെട്ടിമാറ്റുന്ന കാലത്ത് ഒരു ഹരിത മാതൃക; ഉണങ്ങിയ ആൽമരത്തിന് വൃക്ഷചികിത്സയിലൂടെ പുതുജീവൻ
റാലി കത്തിഡ്രൽ പള്ളിയിലെത്തിയപ്പോൾ കൊല്ലം രൂപതാ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിൽ വിശ്വാസികളെ ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് നടന്ന തിരുനാൾ ദിവ്യബലിക്ക് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. “അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ” എന്ന വിശുദ്ധ അഗസ്തീനോസിന്റെ സുപ്രസിദ്ധമായ വാക്കുകളെ അനുസ്മരിച്ച ബിഷപ്പ്, ഈ വചനമാണ് ഇത്തരം ഒരു സംഗമത്തിന്റെയും റാലിയുടെയും യഥാർത്ഥ അർത്ഥവും മഹത്വവും വെളിവാക്കുന്നതെന്ന് തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിശുദ്ധ ജീവിതം ഓരോ വിശ്വാസിയുടെയും വിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവ്യബലിയിൽ രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ, ചാൻസലർ ഫാ. ജെറി ഐസക്, കത്തിഡ്രൽ വികാരി ഫാ. ക്രിസ്റ്റഫർ ഹെൻറി, മതബോധന ഡയറക്ടർ ഫാ. ലിൻസൻ ആറാടൻ, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബർസാർ ഫാ. അരുൺ ആറാടൻ, ഡീക്കന്മാരായ റിജോ, അജോ എന്നിവർ സഹകാർമികരായി. വിശുദ്ധരുടെ ജീവിതമാതൃകകൾ ജീവിതത്തിൽ പകർത്താനും അവരെ അനുഗമിക്കാനുമുള്ള ആഹ്വാനവുമായി സംഘടിപ്പിച്ച പരിപാടികൾക്ക് മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ, ഓൾ സെയിന്റ്സ് ഫാൻസ് അസോസിയേഷൻ രൂപതാ ഡയറക്ടർ ഫാ. ജെറിൻ ആന്റോ വർഗീസ്, രൂപതാ പ്രൊകുറേറ്റർ ഫാ. ജോളി എബ്രഹാം, ഫാ. ക്രിസ്റ്റഫർ ഹെൻറി, രൂപതാ പി.ആർ.ഒ ഫാ. ലാസർ എസ്. പട്ടകടവ്, ഫാ. ജോൺ പോൾ, രൂപതാ അസോസിയേറ്റ് പി.ആർ.ഒ ജോർജ് എഫ്. സേവ്യർ എന്നിവർ നേതൃത്വം നൽകി.
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T
