കെ.കെ ശൈലജ എം.എല്‍.എയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. തന്നെ 101 ശതമാനം വിശ്വസിക്കാം. തലപോയാലും ആരേയും കുഴപ്പത്തിലാക്കില്ലെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയ്ക്ക് ഒപ്പമാണ് കെ ടി ജലീല്‍ ഇപ്രകാരം കുറിച്ചത്.
‘ഇന്ന് നിയമസഭയില്‍. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 ശതമാനം എന്നാണ് കെ ടി ജലീല്‍ കുറിച്ചത്.കഴിഞ്ഞദിവസം നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൻതോതിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനെതിരെ കെ കെ ശൈലജയുടെ ‘ആത്മഗതം’.
മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു മുന്‍മന്ത്രിയുടെ പരാമര്‍ശം.