ദക്ഷിണകൊറിയയിലെ ഗാങ്‌ന്യൂങ് നഗരത്തില്‍ പരിഭ്രാന്തി പരത്തി ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്‍റെ പാരാജയം. മിസൈല്‍ തൊടുക്കാന്‍ കഴിയാതെ നിലത്തുവീഴുകയും വൻ തീപിടുത്തത്തിന് കാരണമാവുകയും ചെയ്തതാണ് പരിഭ്രാന്തിയുണ്ടാക്കിയത്.
ചൊവ്വാഴ്ച ജപ്പാന് നേരെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായി സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും യുഎസും ബോംബിംഗ് റണ്ണുകളും മിസൈൽ വിക്ഷേപണങ്ങളും ഉൾപ്പെടെ ഒന്നിലധികം സംയുക്ത അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു മിസൈല്‍ പരീക്ഷണം.
ദക്ഷിണ കൊറിയൻ സൈന്യം ഹ്യുൺമൂ-2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ചൊവ്വാഴ്ച വൈകി വിക്ഷേപിച്ചെങ്കിലും വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ അത് തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുകയായിരുന്നു. മിസൈലിന്റെ പ്രൊപ്പല്ലന്‍റിന് തീപിടിച്ചെങ്കിലും അതിന്റെ വാര്‍ഹെഡ് പൊട്ടിത്തെറിച്ചില്ലെന്നാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥൻ യോൻഹാപ്പ് വാർത്താ ഏജൻസിയോട് പറഞ്ഞത്.
ഇതിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ആധികാരികത ഉറപ്പിച്ചിട്ടില്ലെന്നാണ് വാര്‍ത്ത ഏജന്‍സി എപി പറയുന്നത്. രാജ്യത്തിന്‍റെ കിഴക്കൻ തീരത്ത് ഗാങ്‌ന്യൂങിന് അടുത്തുള്ള ഒരു വ്യോമസേനാ താവളത്തിന് സമീപം വലിയൊരു തീഗോളം പോലെ ഓറഞ്ച് ജ്വാലകള്‍ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.