HomeKollamആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് ദാനവും; പുരസ്കാരങ്ങൾ വിതരണം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്

ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് ദാനവും; പുരസ്കാരങ്ങൾ വിതരണം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്

- Advertisement -

കൊല്ലം: മുതിർന്ന മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം കൊല്ലം പ്രസ് ക്ലബ്ബും ആര്യാട് ഗോപി കുടുംബ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ദൃശ്യമാധ്യമ അവാർഡ് ദാനവും സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ സ്വദേശിയായിരുന്നെങ്കിലും കൊല്ലത്തിൻ്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ആര്യാട് ഗോപിയെ കൊല്ലത്തുകാർ സ്വന്തം നാട്ടുകാരനായാണ് കാണുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ജനയുഗം അസിസ്റ്റൻ്റ് എഡിറ്ററായും ജനയുഗം വാരികയുടെ പത്രാധിപരായും 34 വർഷത്തോളം പ്രവർത്തിച്ച അദ്ദേഹം, പത്രപ്രവർത്തന രംഗത്തെ തിരക്കുകൾക്കിടയിലും രണ്ട് നോവലുകളും ഇരുനൂറോളം ചെറുകഥകളും ഏഴ് ചെറുകഥാ സമാഹാരങ്ങളും രചിച്ച് സാഹിത്യരംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക:

മാധ്യമപ്രവർത്തകർ സമൂഹത്തിലെ സാധാരണക്കാരുടെ പ്രയാസങ്ങളും സങ്കടങ്ങളും ആഴത്തിൽ റിപ്പോർട്ട് ചെയ്യുമ്പോഴും, സ്വന്തം ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകർക്കും ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തതും തൊഴിൽ സുരക്ഷിതത്വമില്ലാത്തതുമായ സാഹചര്യമാണുള്ളതെന്നും, അതിനാൽ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന യൂണിയൻ്റെ പ്രവർത്തനം എല്ലാകാലത്തും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരങ്ങൾ മന്ത്രി പി.സി. വിഷ്ണുനാഥ് വിതരണം ചെയ്തു. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം ബിഗ് ടിവി കോട്ടയം റിപ്പോർട്ടർ ഷെഫീഖ് ഇളയോടത്ത് (‘അട്ടപ്പാടിയിലെ പ്രിയയെ മരണത്തിലേക്ക് തള്ളിവിടുന്നവർ’ എന്ന റിപ്പോർട്ടിന്) ഏറ്റുവാങ്ങി. മികച്ച ദൃശ്യാവിഷ്കാരത്തിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ക്യാമറാമാൻ കെ.ആർ. മുകുന്ദിന് (‘ഫോറസ്റ്റ് വാച്ചർ’ എന്ന സ്റ്റോറിക്ക്) സമ്മാനിച്ചു. 25,000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം. മുതിർന്ന മാധ്യമപ്രവർത്തകരായ മനോജ് കെ. ദാസ്, അനു നാരായണൻ, ജെയിംസ് പീറ്റർ, ബിജു എൻ.ബി. എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ലാൻഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ മുൻ എം.ഡി ഡോ. പി.ജി. രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.

പ്രമുഖ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ്റെ അപ്രതീക്ഷിത വിയോഗത്തിലുള്ള അനുശോചനവും ചടങ്ങിൽ രേഖപ്പെടുത്തി.

പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സനൽ ഡി പ്രേം,ആര്യാട് ഗോപിയുടെ മകൾ ഡോ. എം.എ. ആര്യാട് എന്നിവർ സംസാരിച്ചു.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments