26.7 C
Kollam
Saturday, July 11, 2026
HomeKollamഅടിസ്ഥാന സൗകര്യങ്ങളില്ലാതെ അഞ്ചൽ കന്നുകാലി ചന്ത നശിക്കുന്നു; ലക്ഷങ്ങളുടെ വരുമാനമുണ്ടായിട്ടും തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്

അടിസ്ഥാന സൗകര്യങ്ങളില്ലാതെ അഞ്ചൽ കന്നുകാലി ചന്ത നശിക്കുന്നു; ലക്ഷങ്ങളുടെ വരുമാനമുണ്ടായിട്ടും തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്

- Advertisement -

തെക്കൻ കേരളത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രം തകർച്ചയിലേക്ക്; അടിസ്ഥാന സൗകര്യങ്ങളില്ലാതെ അഞ്ചൽ കന്നുകാലി ചന്ത നശിക്കുന്നു

അഞ്ചൽ: ഒരുകാലത്ത് തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലി ചന്തകളിലൊന്നായിരുന്ന അഞ്ചൽ കന്നുകാലി ചന്ത ഇന്ന് അധികൃതരുടെ അവഗണനയിൽ നശിക്കുന്നു.

അഞ്ചൽ പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായി വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഈ ചന്തയോടാണ് അഞ്ചൽ ഗ്രാമപ്പഞ്ചായത്ത് ഇപ്പോൾ കൊടും ക്രൂരത കാണിക്കുന്നത്.

ചന്ത ലേലം വിളിച്ചു നൽകുന്നതിലൂടെ ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തിന് ലഭിക്കുന്നത്.

എന്നാൽ, ചന്തയിലെത്തുന്ന കച്ചവടക്കാർക്കോ കന്നുകാലികൾക്കോ വേണ്ടിയുള്ള യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കാൻ പഞ്ചായത്ത് ഇതുവരെ തയ്യാറായിട്ടില്ല.

ശുചിമുറിയുമില്ല, കുടിവെള്ളവുമില്ല; ദുരിതത്തിൽ കച്ചവടക്കാർ

വർഷങ്ങളായി വളരെ സജീവമായി പ്രവർത്തിക്കുന്ന ഒന്നാണ് അഞ്ചലിലെ കന്നുകാലി ചന്ത. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് കന്നുകാലികളെ വാങ്ങാനും വിൽക്കാനുമായി ഇവിടെയെത്തുന്നത്.

എന്നാൽ ചന്തയ്ക്കുള്ളിൽ ഒരു ശുചിമുറിയോ, കുടിവെള്ള സൗകര്യമോ, രാത്രികാലങ്ങളിൽ ആവശ്യമായ വൈദ്യുതി വിളക്കുകളോ ഇല്ല.

വിൽപ്പനയ്ക്കായി കൊണ്ടുവരുന്ന കന്നുകാലികൾക്ക് കുടിക്കാൻ വെള്ളം നൽകാനുള്ള തൊട്ടികൾ പോലുമില്ലാത്ത അവസ്ഥയാണിവിടെ. കച്ചവടത്തിനായി എത്തുന്നവർക്ക് മഴയോ വെയിലോ ഏറ്റാൽ നനയാതെയും പൊള്ളാതെയും നിൽക്കാൻ ഒരു തണൽ ഷെഡ് പോലും അധികൃതർ നിർമ്മിച്ചു നൽകിയിട്ടില്ല.

ചന്തയുടെ സമയമാറ്റവും പാതയോരത്തെ ബുദ്ധിമുട്ടുകളും

എല്ലാ മലയാള മാസവും 15, 30 തീയതികളിലായിരുന്നു മുൻപ് കന്നുകാലിച്ചന്ത പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ രീതി മാറി എല്ലാ ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ചയും രാത്രികളിൽ ഉരുക്കളെ എത്തിക്കുകയും, തൊട്ടടുത്ത ദിവസം രാവിലെ 10 മണി വരെ ചന്ത പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്.

തമിഴ്നാട്ടിൽ നിന്നും മറ്റ് ദൂരസ്ഥലങ്ങളിൽ നിന്നും വലിയ വാഹനങ്ങളിൽ കൊണ്ടുവരുന്ന കന്നുകാലികളെ ചന്തയിലേക്ക് സുരക്ഷിതമായി ഇറക്കാനുള്ള റാംപ് അടക്കമുള്ള സംവിധാനങ്ങൾ ഇവിടെയില്ല. ഇതിനാൽ പലപ്പോഴും ചന്തയ്ക്ക് പുറത്ത് പാതയോരത്താണ് കന്നുകാലികളെ കെട്ടിയിടുന്നത്.

ഇത് കവലയിലൂടെ പോകുന്ന കാൽനട യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഭൂമി കൈയ്യേറ്റവും ചുറ്റുമതിലിനായുള്ള ആവശ്യവും

രണ്ട് ഏക്കറോളം വിസ്തീർണ്ണമുള്ള ചന്തയുടെ വലിയൊരു ഭാഗം ഭൂമി ഇടക്കാലത്ത് പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി വിട്ടുനൽകിയിരുന്നു. ചന്തയുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെയാണ് ഈ നടപടി സ്വീകരിച്ചത്.

ബാക്കിയുള്ള സ്ഥലത്തിന് ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാത്തതിനാൽ വലിയ തോതിലുള്ള ഭൂമി കൈയ്യേറ്റമാണ് ഇപ്പോൾ നടക്കുന്നത്.

അഞ്ചലിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കന്നുകാലി ചന്തയെ സംരക്ഷിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ചന്തയുടെ ഭൂമി അളന്നുതിട്ടപ്പെടുത്തി, ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കണമെന്നും ആവശ്യമുയരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments