നിങ്ങളുടെ പറമ്പ് കാടുപിടിച്ച് കിടക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക, ഹൈക്കോടതിയുടെ വക പണി വരുന്നുണ്ട്!
വസ്തു വാങ്ങിയിട്ട ശേഷം തിരിഞ്ഞുനോക്കാതെ കാടുകയറ്റി ഇഴജന്തുക്കളുടെ താവളമാക്കുന്ന സ്ഥലമുടമകൾക്കെതിരെ കേരള ഹൈക്കോടതിയുടെ കർശന നിർദേശം പുറത്തുവന്നു.
പത്തനാപുരം ഉൾപ്പെടെയുള്ള ഭൂരിഭാഗം മേഖലകളിലും ആളുകൾ സ്ഥലം വാങ്ങിയിട്ട ശേഷം തിരിഞ്ഞുനോക്കാതെ കാടുപിടിച്ച് കിടക്കുകയാണ്. ഇത് നിലവിൽ പാമ്പുകളുടെയും കാട്ടുപന്നികളുടെയും പ്രധാന വളർത്തൽ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടും സ്വന്തം പറമ്പുകൾ വൃത്തിയാക്കാൻ തയാറാകാത്തവർ ഇനി ജാഗ്രതൈ! അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽ നിന്നുള്ള വിഷപ്പാമ്പുകളുടെ കടുത്ത ഭീഷണി ചൂണ്ടിക്കാട്ടി മാവേലിക്കര സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ സുപ്രധാനവും കർശനവുമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി ഉത്തരവിലെ പ്രധാന വിവരങ്ങൾ
കാടുപിടിച്ച പറമ്പുകൾ കാരണം ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്നതാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
കാട് വെട്ടാൻ പഞ്ചായത്ത് നേരിട്ടെത്തും
സ്വകാര്യ വ്യക്തികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാടുപിടിച്ച് കിടക്കാൻ അനുവദിക്കുകയാണെങ്കിൽ, ആ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി) നേരിട്ട് ഇടപെട്ട് ആ പറമ്പുകളിലെ കാട് വെട്ടിത്തെളിക്കേണ്ടതാണ്.
ചെലവ് മുഴുവൻ ഉടമസ്ഥൻ നൽകണം
തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് ആളുകളെ വെച്ച് ഈ രീതിയിൽ കാട് വെട്ടിത്തെളിക്കുമ്പോൾ ഉണ്ടാകുന്ന മുഴുവൻ ചെലവും പിന്നീട് ആ സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥനിൽ നിന്ന് തന്നെ ഈടാക്കുന്നതാണ്.
അപകടകരമായ സാഹചര്യമെങ്കിൽ കാത്തുനിൽക്കില്ല
ഒരു പറമ്പ് വിഷപ്പാമ്പുകളുടെയോ മറ്റ് വന്യജീവികളുടെയോ താവളമായി മാറുകയും, അത് അയൽവാസികൾക്ക് അതീവ അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കിൽ സ്ഥലമുടമയ്ക്ക് നോട്ടീസ് അയച്ച് മറുപടിക്കായി കാത്തുനിൽക്കേണ്ടതില്ല.
അത്തരം അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ നടപടിയെടുത്ത് കാട് വെട്ടിമാറ്റാം.
ഉടമയെ അറിയില്ലെങ്കിലും പഞ്ചായത്തിന് ഒഴിയാനാകില്ല
ചില സ്ഥലങ്ങളുടെ ഉടമസ്ഥർ ആരാണെന്ന് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പഞ്ചായത്തുകൾക്ക് കയ്യും കെട്ടി നോക്കിനിൽക്കാൻ സാധിക്കില്ല.
ഉടമയെ പിന്നീട് കണ്ടെത്തുമ്പോൾ തുക ഈടാക്കാം എന്ന കൃത്യമായ വ്യവസ്ഥയിൽ പഞ്ചായത്ത് അവിടുത്തെ കാട് വെട്ടിത്തെളിച്ചിരിക്കണം. കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾ പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനുള്ള പൂർണ്ണ അധികാരം നിയമം നൽകുന്നുണ്ട്.
അനാസ്ഥ കാട്ടരുത്; വലിയ തുക പിഴ വരും മുൻപ് പറമ്പ് വൃത്തിയാക്കുക
വസ്തു വാങ്ങിയിട്ട് വിദേശത്തോ മറ്റ് സ്ഥലങ്ങളിലോ താമസിക്കുന്നവരാണെങ്കിലും പറമ്പ് വെറുതെ ഇട്ടിരിക്കുന്നവരാണെങ്കിലും നിങ്ങളുടെ അനാസ്ഥ കാരണം അയൽപക്കത്തുള്ളവരുടെ ജീവന് ഭീഷണി ഉണ്ടാകാൻ പാടില്ല. നാളെ പഞ്ചായത്ത് അധികൃതർ വന്ന് കാടുവെട്ടിയ ശേഷം വലിയൊരു തുക പിഴയായോ അതിന്റെ ചെലവായോ നിങ്ങൾക്ക് മേൽ ചുമത്തുന്നതിന് മുൻപ് സ്വന്തം പറമ്പുകൾ അടിയന്തരമായി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.






















