HomeKollamകായൽ മാഫിയയ്ക്ക് താവളമായി അഷ്ടമുടി; മാലിന്യത്തിൽ വീർപ്പുമുട്ടി ഹൗസ്ബോട്ട് സർവീസുകൾ; ദുരിതത്തിലായി തൊഴിലാളികൾ

കായൽ മാഫിയയ്ക്ക് താവളമായി അഷ്ടമുടി; മാലിന്യത്തിൽ വീർപ്പുമുട്ടി ഹൗസ്ബോട്ട് സർവീസുകൾ; ദുരിതത്തിലായി തൊഴിലാളികൾ

- Advertisement -

കൊല്ലം: വിനോദസഞ്ചാരികളുടെ പറുദീസയായ അഷ്ടമുടിക്കായൽ കടുത്ത മാലിന്യ ഭീഷണിയിൽ. കായലിൽ അടിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരം മൂലം ഹൗസ്ബോട്ട് സർവീസുകൾ താളംതെറ്റുന്നതിനൊപ്പം തൊഴിലാളികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു. പാലത്തിന് മുകളിൽ നിന്നുള്ള മാലിന്യ നിക്ഷേപവും കായലിലെ ഒഴുക്കില്ലായ്മയുമാണ് സ്ഥിതി അതീവ ഗുരുതരമാക്കുന്നത്.

ഹൗസ്ബോട്ട് സർവീസുകളാണ് കായൽ മലിനമാക്കുന്നതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെ, യഥാർത്ഥ പ്രതികൾ പുറത്തുനിന്നുള്ളവരാണെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. രാത്രിയുടെ മറവിൽ പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് കക്കൂസ് മാലിന്യങ്ങളും അറവുമാലിന്യങ്ങളും കായലിലേക്ക് തള്ളുന്നത്. ഇതുകൂടാതെ, കൊല്ലം തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിനജലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ, ഡീസൽ, മൂത്രപ്പുരകളിൽ നിന്നുള്ള വിസർജ്യങ്ങൾ, ടാങ്കർ ലോറികൾ ഒഴുക്കുന്ന അഴുക്കുകൾ എന്നിവയും നേരിട്ട് കായലിലേക്കാണ് പതിക്കുന്നത്.

നിശബ്ദമാകുന്ന കായലോരങ്ങൾ; തുച്ഛമായ കൂലിയിലും തുരുമ്പിച്ച യന്ത്രങ്ങളിലും എരിഞ്ഞുതീരുന്ന കൊല്ലത്തിന്റെ കയർ പെരുമ

വലിയഴീക്കൽ തുടങ്ങിയ മറ്റ് ഹാർബറുകളിലും കായൽ മേഖലകളിലും സ്വാഭാവിക നീരൊഴുക്കുള്ളതിനാൽ മാലിന്യങ്ങൾ ഒലിച്ചുപോകാറുണ്ട്. എന്നാൽ, അഷ്ടമുടിക്കായലിന്റെ ഈ ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ യാതൊരു മാർഗ്ഗവുമില്ലാത്തതിനാൽ ദിവസേന എത്തുന്ന ടൺ കണക്കിന് മാലിന്യം ഇവിടെത്തന്നെ കെട്ടിക്കിടന്ന് അഴുകുകയാണ്. ഒരു ഭാഗത്തുനിന്ന് മാലിന്യം വാരിമാറ്റുമ്പോൾ, അടുത്ത ദിവസം രാവിലെ അതിന്റെ ഇരട്ടിയാണ് വീണ്ടും വന്ന് അടിയുന്നത്.

പ്ലാസ്റ്റിക് ചാക്കുകളും കയറുകളും തുണികളും ബോട്ടുകളുടെ പ്രൊപ്പല്ലറിലും എഞ്ചിൻ ഭാഗങ്ങളിലും ചുറ്റിപ്പിടിച്ച് സർവീസിനിടയിൽ ബോട്ടുകൾ പെട്ടെന്ന് ഓഫായിപ്പോകുന്നത് പതിവാണ്. ഇതോടെ കടുത്തു ദുർഗന്ധം വമിക്കുന്ന അഴുക്കുവെള്ളത്തിലേക്ക് ഇറങ്ങിനിന്ന് കത്തി ഉപയോഗിച്ച് മാലിന്യങ്ങൾ വെട്ടിമാറ്റിയാണ് തൊഴിലാളികൾ ബോട്ടുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നത്. ഇത് തൊഴിലാളികൾക്ക് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. പ്രദേശത്തെ രൂക്ഷമായ ദുർഗന്ധം മൂലം ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ജീവനക്കാരായ ആനന്ദരാജനും മനോഹരനും പറയുന്നു.

പ്രസിഡന്റസ് ട്രോഫി വള്ളംകളി പോലെയുള്ള വലിയ ആഘോഷങ്ങൾ വരുമ്പോൾ മാത്രമാണ് കോർപ്പറേഷനും ടൂറിസം-ജലവകുപ്പുകളും ചേർന്ന് പേരിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പരിപാടികൾ കഴിയുന്നതോടെ കായൽ വീണ്ടും പഴയ മാലിന്യക്കൂമ്പാരമായി മാറും. മാലിന്യം തള്ളുന്നത് തടയാൻ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ ഭൂരിഭാഗവും നോക്കുകുത്തികളായി തുടരുകയാണ്. അടിയന്തരമായി ക്യാമറകൾ പ്രവർത്തനക്ഷമമാക്കാനും, രാത്രികാല പരിശോധന കർശനമാക്കാനും, കായലിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനും അധികൃതർ തയ്യാറാകണമെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments