കസ്റ്റഡി മർദ്ദനവും നിയമലംഘനവും: 4 പോലീസുകാർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്
കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത പ്രമാദമായ ‘അലുവ അതുൽ വധക്കേസിൽ’ റിമാൻഡിൽ കഴിഞ്ഞുവരുന്ന പന്ത്രണ്ടാം പ്രതി ഷിനു പീറ്ററിനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ച പോലീസുകാർക്കെതിരെ നിയമനടപടി.
കൊട്ടാരക്കരയിൽ വെച്ച് ഷിനുവിനെ മർദ്ദിച്ച കണ്ടാലറിയാവുന്ന നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അടിയന്തര അന്വേഷണം നടത്താൻ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 ഉത്തരവിട്ടു.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷിനു പീറ്ററിന് വേണ്ടി മാതാവ് ബിജി പീറ്റർ, പ്രമുഖ അഭിഭാഷകൻ അഡ്വ. രാഹുൽ പഞ്ചമൻ മുഖേന സമർപ്പിച്ച 79/2026 നമ്പർ സ്വകാര്യ അന്യായത്തിന്മേലാണ് ബഹുമാനപ്പെട്ട കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും നിർണ്ണായകമായി
ഷിനു പീറ്ററിനെ അന്യായമായി കസ്റ്റഡിയിൽ എടുക്കുന്നതും നാല് പോലീസുകാർ ചേർന്ന് ക്രൂരമായി ശാരീരികമായി ഉപദ്രവിക്കുന്നതും അടക്കമുള്ള വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ രേഖകളും പരാതിക്കാരി കോടതിയിൽ ഹാജരാക്കിയിരുന്നു.
ഈ ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
കൂടാതെ, പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം 24 മണിക്കൂറിലധികം നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതായും കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ കൃത്യമായ തെളിവുകൾ സഹിതം ബോധിപ്പിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് മാതാവ് ബിജി പീറ്ററിന്റെ പരാതിയിലെ വിശദാംശങ്ങൾ
തേവലക്കര വില്ലേജിൽ അരിനെല്ലൂർ മുറിയിൽ തടത്തിൽ വീട്ടിൽ പീറ്റർ മകൻ ഷിനു പീറ്റർ, കൊട്ടാരക്കര താലൂക്കിൽ വാളകം ആണ്ടൂരുള്ള ‘ശിവ്‌സാ ക്വാറി’യിൽ കഴിഞ്ഞ മൂന്ന് മാസമായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ വിദേശത്തായതിനാൽ ഒരു വയസ്സുള്ള പെൺകുഞ്ഞുമൊത്താണ് ഷിനു താമസിച്ചിരുന്നത്. പരാതിയിൽ പറയുന്ന സംഭവവികാസങ്ങൾ താഴെ പറയുന്നവയാണ്:
-
അന്യായമായ തടഞ്ഞു വെക്കലും മർദ്ദനവും: 14-03-2026 തീയതി പകൽ 3:25 ഓടെ നാല് പ്രതികൾ ക്വാറിയിൽ എത്തി ജോലിയിലായിരുന്ന ഷിനുവിനെ തടഞ്ഞു വെച്ചു.
-
കാരണം ചോദിച്ചപ്പോൾ ‘ഞങ്ങൾ പോലീസുകാരാണെന്നും നിന്നെ കസ്റ്റഡിയിൽ എടുക്കാൻ വന്നതാണെന്നും’ പറയുകയും നാല് പേരും ചേർന്ന് ശാരീരികമായി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു.
-
ബലാൽക്കാരമായി കൊണ്ടുപോകൽ: പകൽ 3:34 ഓടെ ക്വാറിയിൽ നിന്നും ഒരു പോലീസ് വാഹനത്തിൽ ബലാൽക്കാരമായി കയറ്റി കൊണ്ടുപോയി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി വൈകിട്ട് 6:30 ഓടെ ചവറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
-
മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കൽ: രാത്രി 9:30 ന് ശേഷം, അന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണെന്ന് കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
-
തുടർന്ന് രാത്രി 11 മണിയോടെ കരുനാഗപ്പള്ളി സ്റ്റേഷനിലെ സെല്ലിൽ പാർപ്പിച്ചു.
-
15-03-2026-ൽ അമ്മ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ക്രൈം നമ്പർ 381/2026 ആയി ഷിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം അറിയുന്നത്.
ഭരണഘടനാ ലംഘനവും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിക്കലും
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൽ 22(2) പ്രകാരം ഏതൊരു പൗരനെയും കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.
എന്നാൽ ഈ കേസിൽ നഗ്നമായ നിയമലംഘനമാണ് നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
-
സമയക്രമത്തിലെ തിരിമറി: 14-03-2026 പകൽ 3:34 ന് കസ്റ്റഡിയിലെടുത്ത ഷിനുവിനെ, തൊട്ടടുത്ത ദിവസമായ 15-03-2026 രാത്രി 10:09 നാണ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയത് (ഏതാണ്ട് 30 മണിക്കൂറിലധികം അനധികൃത കസ്റ്റഡി).
-
കോടതിയെ തെറ്റിദ്ധരിപ്പിച്ചു: നിയമവിരുദ്ധ കസ്റ്റഡി മറച്ചുവെക്കാൻ വേണ്ടി, ഷിനുവിനെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും 15-03-2026 തീയതി പുലർച്ചെ 00:21 ന് ആണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യാജമായി രേഖപ്പെടുത്തി.
-
ഇത്തരത്തിൽ ബഹുമാനപ്പെട്ട മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് റിമാൻഡ് ഒപ്പീടീച്ചത്.
പൊതുജനങ്ങൾ കാൺകെ ക്യാമറ ദൃശ്യങ്ങളിൽ പതിയുംവിധം യുവാവിനെ മർദ്ദിക്കുകയും നിയമം ലംഘിച്ച് കസ്റ്റഡിയിൽ വെക്കുകയും ചെയ്തു.
സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോടതി ഉത്തരവിലൂടെ പരാതിക്കാരിയായ ബിജി പീറ്ററും കുടുംബവും ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
-
പരാതിക്കാരി: ബിജി പീറ്റർ
-
ഫോൺ നമ്പർ: 9744083685
-
നിയമോപദേശകൻ: അഡ്വ. രാഹുൽ പഞ്ചമൻ
- വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T






















