കൊല്ലം ജില്ലയിലെ തട്ടാമല പിണയ്ക്കൽ ഭാഗത്ത് നടന്ന ഒരു വിവാഹ സൽക്കാരത്തിൽ, കാറ്ററിംഗ് തൊഴിലാളികൾ തമ്മിൽ സലാഡ് ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിലേക്ക് മാറി. ഇതിൽ നാല് പേർക്ക് പരിക്കേറ്റു.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം, കാറ്ററിംഗ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനായി തയ്യാറായപ്പോഴാണ് തർക്കം ആരംഭിച്ചത്. ചിലർക്കു സലാഡ് ലഭിക്കാത്തതിനെ തുടർന്ന് തർക്കം ഉയർന്നു, പിന്നീട് ഇത് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടലിലേക്ക് മാറി. തലയ്ക്ക് പരിക്കേറ്റ നാല് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ഇരുവിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, സംഭവത്തിൽ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
