HomeKollamലഹരി-മാലിന്യ വിപത്തുകൾക്കെതിരെ മൈനാഗപ്പള്ളിയിൽ മഹാ മനുഷ്യച്ചങ്ങല ഒക്ടോബർ 30ന് ; 8000 പേർ അണിനിരക്കും

ലഹരി-മാലിന്യ വിപത്തുകൾക്കെതിരെ മൈനാഗപ്പള്ളിയിൽ മഹാ മനുഷ്യച്ചങ്ങല ഒക്ടോബർ 30ന് ; 8000 പേർ അണിനിരക്കും

- Advertisement -

മൈനാഗപ്പള്ളി: ലഹരിക്കും മാലിന്യത്തിനുമെതിരെ ജനകീയ പ്രതിരോധം തീർക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ‘ലഹരിമുക്ത മൈനാഗപ്പള്ളി, മാലിന്യമുക്ത മൈനാഗപ്പള്ളി’ എന്ന ശക്തമായ മുദ്രാവാക്യമുയർത്തി ഒക്ടോബർ 30 വെള്ളിയാഴ്ച പഞ്ചായത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഹാ മനുഷ്യച്ചങ്ങല തീർക്കും. അടുത്ത അഞ്ച് വർഷക്കാലയളവിൽ പഞ്ചായത്ത് മുൻഗണന നൽകി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയുടെ തുടക്കമായാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 3.30-ന് കല്ലുകടവ് മുതൽ ആഞ്ഞിലിമൂട് വരെയുള്ള പ്രധാന പാതയോരത്ത് എണ്ണായിരത്തിലധികം ആളുകൾ കൈകോർത്ത് അണിനിരക്കും.

നാടിന്റെ സമാധാനത്തിനും ആരോഗ്യത്തിനും ഒരുപോലെ ഭീഷണിയാകുന്ന രണ്ട് വലിയ സാമൂഹിക വിപത്തുകൾക്കെതിരെ പൊതുസമൂഹത്തിന്റെ മനസ്സാക്ഷി ഉണർത്തുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. ചങ്ങലയിൽ കണ്ണികളാകുന്ന മുഴുവൻ പേരും മാലിന്യമുക്തവും ലഹരിമുക്തവുമായ നാളേക്കായി ഒരേമനസ്സോടെ പ്രതിജ്ഞയെടുക്കും. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’, കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛതാ ഹി സേവ’, ശുചിത്വ മിഷന്റെ ‘നിർമ്മലം’ എന്നീ ബൃഹദ് പദ്ധതികൾക്കുള്ള മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ശക്തമായ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയായി ഈ ജനകീയ മുന്നേറ്റം മാറും.

ലഹരിക്കും മാലിന്യത്തിനുമെതിരെ

ഒരു ദിവസം കൊണ്ട് നാട് സമ്പൂർണ്ണമായി ലഹരിമുക്തമോ മാലിന്യമുക്തമോ ആവില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നതെന്നും, ലക്ഷ്യം പൂർത്തിയാകുന്നതുവരെ വരുംനാളുകളിൽ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഈ മനുഷ്യച്ചങ്ങലയിലൂടെ ജനങ്ങൾക്ക് നൽകുന്നതെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. സുസ്ഥിരമായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ കൂട്ടായ്മ.

മനുഷ്യച്ചങ്ങലയിൽ പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ഭാഗഭാക്കാകും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ലതാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ എന്നിവർക്കൊപ്പം ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളും അണിചേരും. കൂടാതെ പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ, യുവജന-സന്നദ്ധ സംഘടനകൾ എന്നിവരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ മഹാമുന്നേറ്റത്തിൽ കണ്ണികളാകും.

 വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ, വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മത്തായി, പി. മണി, എബി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 7907772600.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments