12-ാം ശമ്പള പരിഷ്കരണം അട്ടിമറിച്ചു; 25% ഇടക്കാലാശ്വാസം അനുവദിക്കണം: കേരള എൻ.ജി.ഓ സംഘ്
കൊല്ലം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് 2024 ജൂലൈ 1 മുതൽ ലഭ്യമാവേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഇടത്-വലത് മുന്നണികൾ ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണ പിള്ള ആരോപിച്ചു.
നിലവിലുള്ള ജീവനക്കാരെ മാത്രമല്ല, സർക്കാർ ജോലി സ്വപ്നം കണ്ട് കഴിയുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെയും യുവതലമുറയെയും കൂടി നിരാശപ്പെടുത്തുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള എൻ.ജി.ഓ സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ്: 25% ഇടക്കാലാശ്വാസം വേണം
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഇടക്കാലാശ്വാസമായി (Interim Relief) അടിയന്തിരമായി അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ. രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.
കേരളത്തിൽ അവഗണനയുടെയും നീതിനിഷേധത്തിന്റെയും ഇരകളായി സംസ്ഥാന സർക്കാർ ജീവനക്കാർ മാറിയിരിക്കുകയാണ്.
പത്ത് വർഷം തുടർച്ചയായി ഭരണം നടത്തിയ ഇടതുപക്ഷ സർക്കാരിന്റെ അതേ തൊഴിലാളിവിരുദ്ധ നിലപാടുകൾ തന്നെയാണ് പുതിയ സർക്കാരും തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളക്ടറേറ്റ് ധർണ്ണയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ
ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭരണാധികാരികളുടെ നിലപാടുകൾക്കെതിരെ ശക്തമായ ആവശ്യങ്ങളാണ് എൻ.ജി.ഓ സംഘ് ധർണ്ണയിൽ ഉന്നയിച്ചത്. പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:
-
ക്ഷാമബത്തയുടെ (DA) കുടിശ്ശിക ഉടനടി അനുവദിക്കുക.
-
നിർത്തിവെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക.
-
പാളിച്ചകൾ നിറഞ്ഞ ‘മെഡിസെപ്പ്’ (MEDISEP) ഇൻഷുറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക.
-
മുൻ ഇടതു സർക്കാർ നിർത്തലാക്കിയ സിറ്റി കോമ്പൻസേറ്ററി അലവൻസ്, സർവീസ് വെയ്റ്റേജ്, ഫിറ്റ്മെന്റ് ബെനിഫിറ്റ് എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുക.
പ്രമുഖ നേതാക്കൾ പങ്കെടുത്തു; കളക്ടർക്ക് നിവേദനം നൽകി
കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണാ സമരത്തിൽ കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് പി. മനേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
എൻ.ജി.ഒ സംഘ് വനിതാ വിഭാഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി. ശ്രീകല, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് വേണുഗോപാലകുറുപ്പ്, എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി ബി. ആനന്ദ്, വൈസ് പ്രസിഡന്റ് ബിജുകുമാർ എസ്, സുജിത്ത്കുമാർ എസ്, അനിരുദ്ധൻ കോട്ടാത്തല, അജീഷ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ധർണ്ണയ്ക്ക് മുന്നോടിയായി നഗരത്തിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് സംഘടന ഭാരവാഹികൾ നിവേദനം കൈമാറി.






















