കൊല്ലം: ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നുകൾ എത്തിച്ചു വിതരണം നടത്തുന്ന അന്തർസംസ്ഥാന ലഹരി മാഫിയയിലെ പ്രധാന കണ്ണി കൊല്ലം എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. “ബാംഗ്ലൂർ അപ്പു” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിയാസ് (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 17 ഗ്രാം മാരക ലഹരിമരുന്നായ MDMA യും കടത്തിന് ഉപയോഗിച്ച ആഡംബര കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം മേവറം പടനിലം അമ്പലത്തിന് മുന്നിൽ വെച്ച് അതീവ സാഹസികമായാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തിവന്ന എക്സൈസ് സംഘത്തെ കണ്ട പ്രതി വാഹനം അതിവേഗത്തിൽ ഓടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം തങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് ആഡംബര കാർ വളഞ്ഞിട്ട് തടയുകയും ബലപ്രയോഗത്തിലൂടെ റിയാസിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.
ബംഗളൂരുവിൽ നിന്ന് ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ലഹരിമരുന്ന് മൊത്തവിതരണം നടത്തുന്ന ഇയാൾ, കേരളത്തിൽ നേരിട്ടെത്തുന്നത് വളരെ അപൂർവ്വമാണ്. പ്രതി രണ്ട് ദിവസം മുൻപ് കേരളത്തിലെത്തിയെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് എക്സൈസ് ഷാഡോ ടീം അതീവ ജാഗ്രതയോടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

കൊല്ലം എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ AEI ഗ്രേഡ് നിർമ്മലൻ തമ്പി, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ. ജ്യോതി, അനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജി. ഗംഗ, ശ്രീമോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ (CEO) സലീം, കിരൺ എന്നിവർ പങ്കെടുത്തു.
പ്രതിക്കെതിരെ NDPS (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) നിയമപ്രകാരം കേസെടുത്തു. ഇയാളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്നും, ലഹരിയുടെ ഉറവിടവും പ്രാദേശിക ഇടനിലക്കാരെയും കണ്ടെത്താൻ പ്രതിയുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T
