26.9 C
Kollam
Monday, June 8, 2026
HomeRegionalCulturalഇടപ്പള്ളി രാഘവൻപിള്ള; മലയാള കവിതയെ ജനകീയമാക്കിയ കാൽപനികതയുടെ വിപ്ലവകാരി

ഇടപ്പള്ളി രാഘവൻപിള്ള; മലയാള കവിതയെ ജനകീയമാക്കിയ കാൽപനികതയുടെ വിപ്ലവകാരി

- Advertisement -

ഇടപ്പള്ളിയും ചങ്ങമ്പുഴയും: മലയാള കവിതയിലെ ജനകീയ വിപ്ലവം

പശ്ചിമഘട്ടത്തിൽ നിന്ന് പെരിയാർ എന്നപോലെ, കുമാരനാശാനിൽ നിന്നും ഉത്ഭവിച്ച മലയാളത്തിൻ്റെ കാൽപനികത കാൽച്ചിലമ്പണിഞ്ഞ് കളകളാരവം മുഴക്കാൻ തുടങ്ങിയത് ഇടപ്പള്ളി രാഘവൻപിള്ളയുടെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും വരവോടെയാണ്.

സവിശേഷമായ സാംസ്‌കാരിക വ്യായാമങ്ങളിൽ നിന്നും കവിത സാമാന്യ ജനങ്ങളുടെ നിത്യജീവിത വ്യവഹാരമായി പരാവർത്തനം ചെയ്യപ്പെടുന്ന ചരിത്രസന്ദർഭമായിരുന്നു അത്.

സാംസ്കാരിക നവോത്ഥാനമെന്നോ കവിതയുടെ ജനാധിപത്യവത്ക്കരണമെന്നോ വിളിക്കപ്പെടാവുന്ന വിപ്ലവകരമായ ഒരു മുന്നേറ്റത്തെയാണ് ഇടപ്പള്ളിയും ചങ്ങമ്പുഴയും മുന്നിൽ നിന്ന് നയിച്ചത്. കവിതയെ വരേണ്യവർഗത്തിന്റെ സദസ്സുകളിൽ നിന്നും സാധാരണക്കാരുടെ ഇടയിലേക്ക് ഇവർ ഇറക്കിനടത്തി.

കവിതയുടെ ജനാധിപത്യവത്ക്കരണം

മുണ്ടശ്ശേരിയുടെ നിരീക്ഷണം

ഒഎൻവി കുറുപ്പിന്റെ ‘ദാഹിക്കുന്ന പാനപാത്ര’ത്തിന് എഴുതിയ അവതാരികയിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഇടപ്പള്ളിക്കവികളുടെ പ്രസക്തിയെക്കുറിച്ച് കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അന്നുവരെ കേരളത്തിൻ്റെ സാമൂഹ്യനീതിയാൽ അടിച്ചമർത്തപ്പെട്ടവരും സാംസ്ക‌ാരിക ജീവിതത്തിലെ അടിമകളുമായിരുന്ന ലക്ഷോപലക്ഷം മനുഷ്യരുടെ വേദനകളെയും അഭിലാഷങ്ങളെയും ജാതിയുടെയോ സമുദായത്തിന്റെയോ നാലതിരിനുള്ളിൽ കെട്ടിനിർത്താതെ, അവരുടേതായ നാടൻശീലിലും ശൈലിയിലും പറഞ്ഞൊപ്പിക്കാൻ രണ്ടും കൽപ്പിച്ചൊരുമ്പെട്ടവരാണ് ഇടപ്പള്ളിക്കവികൾ എന്ന് അദ്ദേഹം വിലയിരുത്തുന്നു.

പറയാനുണ്ടായിരുന്നത് മുഴുവൻ പറയാൻ അവർക്കവസരം കിട്ടിയില്ലെങ്കിലും ‘പറയേണ്ടാത്തത്’ പറയാമെന്നാക്കിയത് അവരാണ്.

കാല്പനികതയുടെ വിമോചനം

വരേണ്യമായ ശാർദ്ദൂലവിക്രീഡിതങ്ങൾ പോലുള്ള സംസ്‌കൃത വൃത്തങ്ങളിൽ നിന്നും മലയാളകവിതയെ ദ്രാവിഡശീലുകളിലേക്കും ഭാഷാചാരുതയിലേക്കും വിമോചിപ്പിച്ചത് ആശാനായിരുന്നു.

എന്നാൽ ആശാൻ്റെ കാല്പനികത പരമസാത്വികവും ആദർശസമുന്നതവുമായിരുന്നു. ആ സാത്വിക കാല്പനികതയെ ഭാഷാപരമായി ‘ലളിതകോമള’വും ഭാവപരമായി ‘കലാപതീഷ്ണ’വുമാക്കുകയാണ് ഇടപ്പള്ളിയും ചങ്ങമ്പുഴയും ചെയ്തത്.

ഭാഷാപരമായ വിശുദ്ധിയും സംസ്‌കാരത്തനിമയാർന്ന ലാളിത്യവുമായിരുന്നു ഇടപ്പള്ളിക്കവിതകൾ സൃഷ്‌ടിച്ച നവകാല്പനികതയുടെ മുഖ്യലക്ഷണങ്ങൾ.

റിയലിസത്തിലേക്കുള്ള സംക്രമണം

കേസരി ബാലകൃഷ്ണപിള്ളയുടെ കണ്ടെത്തൽ

ആശയസമൃദ്ധവും പ്രക്ഷോഭാത്മകവുമായ കാല്പനികതയിൽ നിന്നും റിയലിസത്തിലേക്ക് (യഥാതഥ്യം) അധികം ദൂരമില്ലെന്ന് തെളിയിച്ച ചിന്തകരായിരുന്നു ഇടപ്പള്ളിയും ചങ്ങമ്പുഴയും.

റിയലിസത്തിലേക്കുള്ള കാല്പനികതയുടെ സംക്രമണത്തിനാണ് അവർ കാർമ്മികത്വം വഹിച്ചത്. ഇടപ്പള്ളിയുടെ ‘മണിനാദ’ത്തിന് എഴുതിയ അവതാരികയിൽ വിമർശനകലയിലെ ഋഷിവര്യനായ കേസരി ബാലകൃഷ്ണപിള്ള ഇക്കാര്യം സ്ഥാപിക്കുന്നുണ്ട്.

പരാജയപ്രസ്ഥാനത്തിന്റെ സ്ഥാപകൻ

മലയാള സാഹിത്യത്തിലെ സിംഹാസനങ്ങളെയും പ്രസ്ഥാനസ്ഥാപകരെയും നിർവ്വചിക്കുന്ന ചരിത്രപ്രധാനമായ അവതാരികയായിരുന്നു അത്. ചന്തുമേനോൻ, ബോധേശ്വരൻ, ഇടപ്പള്ളി, ചങ്ങമ്പുഴ, തകഴി എന്നിവരാണ് മലയാളത്തിലെ ‘പരാജയപ്രസ്ഥാനത്തിൻ്റെ’ (റിയലിസം) സ്ഥാപകർ എന്ന് കേസരി പ്രഖ്യാപിച്ചു.

സാഹിത്യത്തിലെ പ്രസ്ഥാന സ്ഥാപകർക്ക് മാത്രമേ യഥാർത്ഥമായി മഹാകവി പട്ടത്തിന് അവകാശമുള്ളൂ എന്നും, തന്നിമിത്തം ഇടപ്പള്ളി തന്റെ ദൃഷ്ടിയിൽ ഒരു മഹാകവിയാണെന്നും കേസരി കുറിച്ചിട്ടു. കാവ്യനിർമ്മിതി എന്നത് സൃഷ്ടിമുഖവും പരിവർത്തനോദ്ദീപകവുമായൊരു സാമൂഹ്യപ്രവർത്തനമാണെന്ന് വിശ്വസിച്ച മലയാളകവിതയിലെ ആദ്യപഥികൻ ഇടപ്പള്ളിയായിരുന്നു.

ചവറ പാറുക്കുട്ടിയമ്മ; കഥകളിയിലെ പുരുഷമേധാവിത്വത്തിന്റെ അതിരുകൾ ഭേദിച്ച വിപ്ലവനായിക

തെറ്റായ വായനകളും വൈലോപ്പിള്ളിയുടെ തുറന്നുപറച്ചിലും

മലയാളഭാവനയെ സാമൂഹ്യചലനങ്ങളുമായും ജീവൽസമരങ്ങളുമായും സമന്വയിപ്പിച്ച ഈ വിപ്ലവകാരിയെ, കേവലം പ്രണയനൈരാശ്യത്തിൻ്റെയും വിഷാദാത്മകത്വത്തിൻ്റെയും കവിയായി മാത്രം തെറ്റായി പരിചയപ്പെടുത്താനാണ് പലരും ശ്രമിച്ചത്. ഇടപ്പള്ളിക്കവിതകൾ അതിൻ്റെ സമഗ്രതയിൽ വായിക്കപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്നത് മരണശേഷവും അദ്ദേഹത്തെ പിന്തുടരുന്ന ദുരന്തമാണ്.

തന്റെ ‘വിത്തും കൈക്കോട്ടും’ എന്ന സമാഹാരത്തിൻ്റെ ആമുഖത്തിൽ മഹാകവി വൈലോപ്പിള്ളി ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. വള്ളത്തോളിൻ്റെ സ്വാധീനവലയത്തിൽപ്പെട്ട തങ്ങളെപ്പോലുള്ളവരെ ആദ്യകാലത്ത് ഇടപ്പള്ളിക്കവികളുടെ അതിഭാവുകത്വവും പരാജയബോധവും വേണ്ടത്ര ആകർഷിച്ചില്ലെന്നും, എന്നാൽ കാലം പോകെ കേരളം അവരിൽ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട കവികളെ കണ്ടെത്തിയെന്നും വൈലോപ്പിള്ളി രേഖപ്പെടുത്തിയിട്ടുണ്ട്.

കവിതകളിലെ സാമൂഹ്യവിമർശനവും പ്രതിപ്രവർത്തനവും

വ്യവസ്ഥിതിയോടുള്ള കലാപം

‘വിത്തപ്രതാപ’ത്തിനും ‘കുടിലസമുദായനീതി’ക്കുമെതിരായ ആളിക്കത്തിയ രോഷമായിരുന്നു ഇടപ്പള്ളിക്കവിതകളുടെ പ്രത്യയശാസ്ത്രം നിർണ്ണയിച്ചത്. മനുഷ്യത്വവിരുദ്ധമായ വ്യവസ്ഥിതിക്കെതിരായ കലാപമായിരുന്നു ആത്യന്തികമായി അദ്ദേഹത്തിന്റെ കവിതകളെന്ന് എം.എൻ. വിജയൻ വ്യക്തമാക്കുന്നു. സദാചാര മതിലുകളെയും സമത്വമില്ലായ്മയെയും കവി ചോദ്യം ചെയ്തു.

  • “കല്‌മഷം പോലും സ്നേഹം, ഇത്തരം സദാചാരക്കന്മതിൽക്കെട്ടിലല്ലാതെങ്ങുള്ളു ദുരാചാരം” (‘സന്ദേശം’ എന്ന കവിതയിൽ)

  • “സമസ്‌തവസ്‌തുക്കളിലൊന്നുപോലെ സമത്വമില്ലായ്മ‌ നിലച്ചിടണം” (‘ശിഥിലചിന്ത’)

  • “എന്തുനേടിയെന്നല്ല ചിന്തിക്കേണ്ടതെങ്ങനെയാണ് പൊരുതിയെന്നുള്ളതാം” (‘ക്ഷണം’)

ജന്മിവ്യവസ്ഥയ്ക്കെതിരായ ആക്രോശം

കുഞ്ഞിൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ആറടി മണ്ണുചോദിച്ച ദളിത് യുവതിയോട് ജന്മി കാണിച്ച ക്രൂരതയെ ‘തപ്തബാഷ്പം’ എന്ന കവിതയിൽ ഇടപ്പള്ളി ശക്തമായി കാവ്യവത്ക്കരിച്ചു. സോദരഹൃദയരക്തം ചോർത്തുന്ന സ്വാർത്ഥപ്പിശാചുക്കളെ വിചാരണ ചെയ്യാൻ അദ്ദേഹം ധൈര്യം കാട്ടിയത് കേരളം വിപ്ലവത്തിന്റെ അഗ്നിപഥങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്നതിനും മുൻപ് 1935-ലായിരുന്നു.

‘വിപ്ലവം വിപ്ലവം’ (മണിനാദം സമാഹാരം) എന്ന കവിതയിലൂടെ സവർണ്ണമേധാവിത്വത്തിൻ്റെ മൂല്യബോധത്തെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. ഒരു കലാസൃഷ്ടി സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതമാണ് അതിന്റെ ചരിത്രപരമായ പ്രസക്തി നിർണ്ണയിക്കുന്നതെന്ന റെയ്‌മണ്ട് വില്യംസിന്റെ (Marxism and Literature) നിരീക്ഷണം ഇടപ്പള്ളിയുടെ കാര്യത്തിൽ പൂർണ്ണമായും അന്വർത്ഥമാണ്.

ജീവിത പശ്ചാത്തലവും പലായനങ്ങളും

അനാഥത്വത്തിന്റെ ബാല്യം

ദുരിതപൂർണ്ണമായ ഭൗതികസാഹചര്യങ്ങളാണ് ഇടപ്പള്ളിയിലെ സർഗ്ഗവാസനയെ ഉണർത്തിയത്. 1906-ൽ ഇടപ്പള്ളി ഇളമക്കര പാണ്ടവത്ത് വീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.

അദ്ദേഹം അനുഭവിച്ച വൈകാരികമായ അനാഥത്വവും വേദനിപ്പിക്കുന്ന പരാധീനതയുമാണ് വ്യവസ്ഥിതിക്കെതിരായ കലിയും പകയുമായി കവിതകളിൽ അമർന്നു കത്തിയത്. അദ്ദേഹത്തിന്റെ വിഷാദം വ്യക്തിപരമായിരുന്നില്ല, മറിച്ച് സഹജീവികളുടെ താപവേദനകളെക്കുറിച്ചുള്ള സംത്രാസങ്ങളായിരുന്നു.

തിരുവനന്തപുരത്തെയും കൊല്ലത്തെയും ജീവിതം

പ്രശസ്തനായ കവിയായിട്ടും ജന്മനാട്ടിൽ നിന്നും അദ്ദേഹത്തിന് തിരുവനന്തപുരത്തേക്കും പിന്നീട് കൊല്ലത്തേക്കും പലായനം ചെയ്യേണ്ടിവന്നു. 1934-ൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ‘ശ്രീമതി’ മാസികയിലും ‘കേരളകേസരി’ പത്രത്തിലും ജോലി ചെയ്തു. ഇക്കാലത്താണ് ‘കഴിഞ്ഞകാല്യം’, ‘കാട്ടാറിൻ്റെ കരച്ചിൽ’, ‘ശിഥിലചിന്ത’, ‘ഒടുക്കത്തെ താരാട്ട്’ തുടങ്ങിയ മികച്ച കവിതകൾ ഉൾക്കൊള്ളുന്ന ‘തുഷാരഹാരം’ എന്ന ആദ്യ കൃതി പ്രസിദ്ധീകരിക്കുന്നത്.

പിന്നീട് കൊല്ലത്തെത്തിയ അദ്ദേഹം ഒരു അഭിഭാഷകൻ്റെ സഹായിയായി പ്രവർത്തിച്ചു. കൊല്ലത്തു വെച്ചാണ് അദ്ദേഹത്തിന്റെ കവിതകൾ കൂടുതൽ സമരസജ്ജമാകുന്നത്. ‘നവസൗരഭവും’ ‘ഹൃദയസ്മിതവും’ ഇക്കാലത്താണ് പ്രസിദ്ധീകരിച്ചത്. കവിയുടെ ജീവിതകാലത്ത് ഈ മൂന്ന് കൃതികൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

മരണമെന്ന സമരരൂപം

1936 ജൂലൈ 4-ന് (കൊല്ലവർഷം 1111 മിഥുനമാസം 21) ഇടപ്പള്ളി കൊല്ലത്തുവെച്ച് ആത്മഹത്യ ചെയ്തു. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ‘രമണൻ’ എന്ന കൃതിയുടെ ആമുഖത്തിൽ ചങ്ങമ്പുഴ രേഖപ്പെടുത്തിയിട്ടുണ്ട്. കുളിച്ച് ശുഭ്രവസ്ത്രധാരിയായി, മുല്ലപ്പൂമാലയണിഞ്ഞ് മരണത്തെ വരിക്കുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് അന്ത്യസന്ദേശങ്ങൾ എഴുതിയിരുന്നു. അതിൽ രണ്ടെണ്ണം കവിതകളായിരുന്നു:

  1. ‘നാളത്തെ പ്രഭാതം’: മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം നേരിട്ട് ‘മലയാളരാജ്യം’ പത്രമാഫീസിൽ എത്തിച്ച കവിത. ജൂലൈ 6-ന് ഇത് അച്ചടിച്ചുവന്നു.

  2. ‘മണിനാദം’: മാതൃഭൂമി വാരികയ്ക്ക് തപാലിൽ അയച്ച കവിത. ഇതും ജൂലൈ 6-ലെ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

കത്ത് രൂപത്തിലെഴുതിയ മൂന്നാമത്തെ സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:

“പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ഇത് മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്…”

യഥാർത്ഥത്തിൽ ലോകത്തോടുള്ള അമർഷവും രോഷവും പ്രതിഷേധവുമാണ് ഈ ലോകം തനിക്ക് അന്യമാണെന്ന നിഗമനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതും ആത്മഹത്യ എന്ന സമരരൂപം സ്വീകരിക്കാൻ പ്രേരിപ്പിച്ചതും.

കാൽപനികനായ അന്യൻ

ഇടപ്പള്ളിക്ക് ‘കാൽപനികവാദിയായ അന്യൻ’ (Romantic Outsider) എന്ന ബഹുമതി നൽകിയാണ് പ്രമുഖ വിമർശകൻ കെ.പി. അപ്പൻ ആദരിച്ചത്. ദുഖത്തിൻ്റെ ചങ്ങലകളിൽ നിന്നും രക്ഷപെടാനുള്ള ഉപാധിയെന്ന നിലയിലാണ് അദ്ദേഹം ആത്മഹത്യയെ കണ്ടതെന്നും, പ്രണയനൈരാശ്യം ഇല്ലായിരുന്നെങ്കിൽപ്പോലും കാൽപനികനായ ആ അന്യൻ സ്വയം നശിപ്പിക്കുമായിരുന്നുവെന്നും അപ്പൻ ‘മരണത്തിൻ്റെ സൗന്ദര്യം’ എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നു. അസ്സഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശയുടെയും നടുവിൽപ്പെട്ട കവിയായിരുന്നു ഇടപ്പള്ളിയെന്ന് ചങ്ങമ്പുഴയും, മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന നിർദ്ദയത്വത്തിനെതിരായ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമെന്ന് കേസരിയും സാക്ഷ്യപ്പെടുത്തുന്നു. ആ പ്രത്യയശാസ്ത്രത്തിൻ്റെ ഏറ്റവും തീഷ്ണമായ സമരരൂപം തന്നെയായിരുന്നു ഇടപ്പള്ളിയുടെ ജീവിതവും മരണവും.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments