ഒഡീഷയിലെ കട്ടക് നഗരത്തിലുള്ള എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കുറഞ്ഞത് 10 രോഗികൾ മരിച്ചു. ട്രോമ കെയർ ഐസിയുവിലാണ് പുലർച്ചെ ഏകദേശം 2.30 മുതൽ 3 മണിയ്ക്കിടയിൽ തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഐസിയുവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ ആയതിനാൽ അവരെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ പ്രയാസം നേരിട്ടു. രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ കുറഞ്ഞത് 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു.
സംഭവ സ്ഥലത്തേക്ക് അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും ഉടൻ എത്തി തീ നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സുരക്ഷിതമായി മറ്റ് വാർഡുകളിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം.






















