26.8 C
Kollam
Tuesday, June 2, 2026
HomeRegionalCulturalഓച്ചിറക്കളിയും കളരിപ്പയറ്റും; അങ്കച്ചുവടുകളുടെ പന്ത്രണ്ട് വർഷത്തെ കഠിനസാധന!,ഓച്ചിറക്കളി മിഥുനമാസം ഒന്നും രണ്ടും തീയതികളിൽ

ഓച്ചിറക്കളിയും കളരിപ്പയറ്റും; അങ്കച്ചുവടുകളുടെ പന്ത്രണ്ട് വർഷത്തെ കഠിനസാധന!,ഓച്ചിറക്കളി മിഥുനമാസം ഒന്നും രണ്ടും തീയതികളിൽ

- Advertisement -

ഓച്ചിറക്കളി: ഐതിഹ്യവും പടക്കളവും

വർഷംതോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി നടക്കുന്നത്. ഓച്ചിറക്കളിക്ക് ഓച്ചിറപ്പട എന്നും പേരുണ്ട്. ഈ യുദ്ധാഭ്യസപ്രകടനം കാണുന്നതിനും ഇതിൽ പങ്കുകൊള്ളുന്നതിനുമായി ദക്ഷിണഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകലക്ഷം ആളുകളാണ് വർഷംതോറും ഇവിടെ വന്നുകൂടുന്നത്.

പടനിലത്തെ ഒരുക്കങ്ങൾ

കളിയിൽ പങ്കെടുക്കുന്നതിനായി കളിആശാന്മാരുടെ നേതൃത്വത്തിൽ അഭ്യാസികൾ രാവിലെ പത്ത് മണിയോടുകൂടി ഓച്ചിറപ്പടനിലത്ത് എത്തിച്ചേരുന്നു. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികൾ തങ്ങളുടെ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കുന്നു.

തുടർന്ന് കരനാഥന്മാരുടെയും ക്ഷേത്രഭരണസമിതിയുടെയും നിയന്ത്രണത്തിൽ വൃഷഭവാഹനം എഴുന്നള്ളിച്ചുകൊണ്ട്, പരബ്രഹ്മസ്വരൂപിയായ ജഗദീശ്വരനെ ഭജിക്കുന്നു. അതിനുശേഷമാണ് കളിക്കാർ സംഘം ചേർന്നും ഒറ്റയൊറ്റയായും കളിക്കായി പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള ‘എട്ടുകണ്ടത്തിൽ’ ഇറങ്ങി കളി ആരംഭിക്കുന്നത്.

വിളംമ്പര ഘോഷയാത്ര
ഫയൽ ചിത്രം

ഒത്തവരമ്പിലും കണ്ടത്തിന് ചുറ്റിലുമായി അനേകലക്ഷം കാണികൾ ഈ രംഗം കാണാൻ തിങ്ങിനിറഞ്ഞിട്ടുണ്ടാകും.

യുദ്ധമുറകളും ആയുധങ്ങളും

അരയും തലയും മുറുക്കി ആയുധം ധരിച്ചാണ് അഭ്യാസികൾ പടനിലത്തിറങ്ങുന്നത്. വടി, വാൾ, പരിച എന്നിവയാണ് പ്രധാന ആയുധങ്ങൾ. ഒത്തവരമ്പിന് ഇരുവശവുമുള്ള കണ്ടങ്ങളിൽ ചാടി മൂന്ന് നാല് മണിക്കൂർ സമയത്തേക്ക് അവർ അതിഭയങ്കരമായി യുദ്ധം ചെയ്യുന്നു.

   “തി-തി-തെയ്” എന്നിങ്ങനെയുള്ള പോർവിളികളും വിജയാട്ടഹാസങ്ങളും    മുഴക്കിക്കൊണ്ടുള്ള യുദ്ധത്തിൽ ആയുധങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ശബ്ദം വളരെ ദൂരേക്ക് കേൾക്കാം”

ആശാന്മാർ ആശാന്മാരോടും ചിലപ്പോൾ ശിഷ്യന്മാരോടും ഏറ്റുമുട്ടുന്നത് കാണുമ്പോൾ അതൊരു ‘രാമരാവണയുദ്ധം’ പോലെയാണ് അനുഭവപ്പെടുക.

അങ്കക്കളരിയിലെ അഭ്യാസപാടവം

രണ്ട് ആശാന്മാർ തമ്മിൽ യുദ്ധം തുടങ്ങുമ്പോൾ വായ്ത്താരികൾ ഇങ്ങനെ മുഴങ്ങുന്നു: “ഗണപതി സരസ്വതിതൊട്ടുള്ള അങ്കം കേമങ്ങൾ ഊന്നിമറിഞ്ഞു വെട്ടി – എടമ്പിരി വലമ്പിരി തിരിഞ്ഞുവെട്ടി നേരോതിരം പാഞ്ഞുതിരിഞ്ഞു വെട്ടി ഓതിരമൊളകം കടകംവെട്ടി പന്ത്രണ്ടടവും തൊഴിലും വെട്ടി കുതിരപ്പാച്ചിലുമേ തിരിഞ്ഞുവെട്ടി ആന തിരിപ്പ് മറിഞ്ഞു വെട്ടി പതിനെട്ടടവോളം വെട്ടുന്നുണ്ട്”.

ഋഷഭവുമായി എട്ടു കണ്ടത്തിലേക്ക്
ഫയൽ ചിത്രം

എന്നിട്ടും തെല്ല് പോലും കൂസാതെ തളരാതെ അവർ അങ്കം തുടരുന്നു. മറ്റൊരിടത്ത് ഒരു ചെറുപ്പക്കാരൻ അനേകം യോദ്ധാക്കളോട് ഒറ്റയ്ക്ക് നിന്ന് എതിരിടുന്നു.

അയാളുടെ സ്ഥിരതയും നിർഭയത്വവും അഭ്യാസപാടവവും വാചാമഗോചരമാണ്. കണ്ണും മെയ്യും കയ്യും കാലും ആയുധവും സ്വന്തം പരിപൂർണ്ണ നിയന്ത്രണത്തിൽ നിർത്തിയാണ് അയാൾ യുദ്ധം ചെയ്യുന്നത്.

മറ്റൊരു വശത്ത് അച്ഛനും മക്കളും തമ്മിൽ പയറ്റുന്നു. മുത്തച്ഛൻ മക്കളോട് പറയുന്നത് ഇങ്ങനെയാണ്: “അപ്പോൾ പറയുന്നു മുത്തച്ഛനും ഒന്നുണ്ടു കേൾക്കണം പൊന്മക്കളെ നാം തമ്മിലങ്ങു തൊടുക്കുന്നേരം നിങ്ങളാണെന്ന് നിനയ്ക്കയില്ല ഞാനെന്ന് നിങ്ങൾ നിനയ്ക്കേണ്ട മാറ്റാനോടേറ്റ് തൊടുക്കും പോലെ മാറ്റാതെവെട്ടുന്ന വെട്ടും നീട്ടും തമ്മിൽ പിണങ്ങിയങ്ങു വെട്ടുംവണ്ണം.”

ചുരുക്കത്തിൽ, പുരാതനമായ എല്ലാവിധ യുദ്ധസമ്പ്രദായങ്ങളും ഒരേ സമയത്ത് നമുക്ക് അവിടെ കാണുവാൻ കഴിയും. ഏതൊരു ധീരപുരുഷനും ശ്വാസമടക്കിപ്പിടിച്ച് മാത്രമേ ഈ യുദ്ധങ്ങൾ കാണാൻ കഴിയൂ.

ഉച്ചയ്ക്ക് ശേഷം ഭരണസമിതിയുടെ സംഭാവനക്കിഴികളും സ്വീകരിച്ച്, ഭക്ഷണത്തിനു ശേഷം അഭ്യാസികൾ പിരിഞ്ഞുപോകുന്നു. പ്രായേണ എല്ലാ അഭ്യാസികളും രണ്ട് ദിവസത്തെ കളിയിലും സംബന്ധിക്കാറുണ്ട്.

കളിയുടെ പിന്നിലെ കഠിനാധ്വാനം

കാണികളെ അത്ഭുതപ്പെടുത്തുന്ന ഓച്ചിറക്കളിയുടെ പിന്നിൽ ദീർഘകാലത്തെ പരിശീലനവും പ്രയത്നവുമുണ്ട്. കേരളത്തിന്റെ വീരസന്താനമായ പുത്തൂരം വീട്ടിലെ ആരോമൽ ചേകവർ പുത്തരിയങ്കം വെട്ടാൻ പോയത് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു.

ഇതിൽ നിന്നും വ്യക്തമാകുന്നത്, ഏതാണ്ട് പന്ത്രണ്ട് വർഷമെങ്കിലും നിരന്തരമായി പയറ്റുമുറകൾ അഭ്യസിച്ചാൽ മാത്രമേ ഒരാൾക്ക് ഉത്തമ അഭ്യാസിയാകാനും ഇത്തരം പ്രദർശനങ്ങളിൽ പങ്കെടുക്കാനും കഴിയൂ എന്നാണ്.

ശരീരത്തെ നിയന്ത്രണാധീനമാക്കുന്ന മെയ്യൊരുക്കവും, പന്തിരുച്ചാൺ, ചെറുവടി, ഒറ്റ, കഠാരം, കുന്തം, വാൾ, ഉറുമി തുടങ്ങിയ ആയുധങ്ങൾ കൊണ്ടുള്ള അഭ്യാസങ്ങളും, മർമ്മവിദ്യ, കത്തിയും തടയും, കത്തിയും തളയും, കൊട്ടുവിദ്യ തുടങ്ങിയ പ്രയോഗങ്ങളും ഭംഗിയായി അഭ്യസിക്കുന്നതിന് കുറഞ്ഞത് പന്ത്രണ്ട് വർഷത്തെ കഠിനപ്രയത്നം ആവശ്യമാണ്.

കളരിപ്പയറ്റ്: കേരളത്തിന്റെ തനത് യുദ്ധമുറ

കേരളത്തിലെ പുരാതന യുദ്ധസമ്പ്രദായമാണ് കളരിപ്പയറ്റ്. ശരീരത്തെ നിയന്ത്രണാധീനമാക്കാനും ആരോഗ്യപരമായി സൂക്ഷിക്കാനും കായികസംസ്കാരം സമ്പാദിക്കാനും ഈ വിദ്യ ഇന്നും അത്യന്തം ഉപകരിക്കുന്നു. കളരിവിദ്യ അഭ്യസിക്കുന്ന സങ്കേതങ്ങളെയാണ് ‘കളരികൾ’ എന്ന് വിളിക്കുന്നത്.

രണവീര്യമുണർത്തുന്ന പോരാട്ടം
ഫയൽ ചിത്രം

കളരികളുടെ ഘടനയും നിർമ്മിതിയും

നെടുംകളരി, അങ്കക്കളരി, തൊടുകളരി, ചെറുകളരി, കുറുംകളരി എന്നിങ്ങനെ കളരികൾ പലവിധത്തിലുണ്ട്. എങ്കിലും അധികവും പ്രചാരത്തിലുള്ളത് നാല്പത്തീരടിക്കളരികളാണ്.

  • അളവുകൾ: നാൽപ്പത്തിരണ്ട് ചുവടുനീളവും, ഇരുപത്തിയൊന്നു ചുവടുവീതിയും, തറനിരപ്പിൽ നിന്ന് മൂന്നടി താഴ്ചയും, ഏഴുകോൽ ഉയരവുമുള്ള പുരകളാണ് കളരികൾ.

  • പ്രത്യേകതകൾ: ഇതിനുള്ളിൽ ഇടയ്ക്ക് തൂണുകളോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരിക്കാൻ പാടില്ല. കളരികൾ ഒരിക്കലും തെക്കുവടക്കായി നിർമ്മിക്കാറില്ല, അവ എപ്പോഴും കിഴക്കുപടിഞ്ഞാറായിട്ടാണ് നിർമ്മിക്കുന്നത്.

  • സ്ഥാനങ്ങൾ: കളരിക്കുള്ളിൽ തെക്കുപടിഞ്ഞാറേ മൂലയിൽ ഏഴുതട്ടുകളുള്ള പൂത്തറയും (ഭദ്രകാളിത്തറ), നടുവിലായി ഗണപതിത്തറയും ഗുരുസ്ഥാനവും കാണാം. ആയുധവിദ്യ പഠിപ്പിക്കുന്നതിനുപയോഗിക്കുന്ന മാരകായുധങ്ങൾ പൂത്തറയിലാണ് സൂക്ഷിക്കുന്നത്.

കളരിപൂജ

പതിവായി കളരികളിൽ വിളക്കും ചന്ദനത്തിരിയും കർപ്പൂരവും കത്തിച്ചുവെച്ച് കളരിഭദ്രകാളിയെയും ഗണപതിയെയും ഗുരുപരമ്പരയെയും വിധിപ്രകാരം പൂജിച്ചുവരുന്നു.

വിശേഷദിവസങ്ങളിൽ വിപുലമായ തോതിൽ പുഷ്പാർച്ചനകളോടെ പൂജകൾ നടക്കാറുണ്ട്. അഭ്യാസപ്രകടനങ്ങളിൽ സാമർത്ഥ്യം സിദ്ധിക്കുന്നതിനും ആയുധങ്ങളിൽ നിന്ന് അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഈ പ്രാർത്ഥനകൾ അത്യന്താപേക്ഷിതമാണ്.

കളരിയിലെ വന്ദനരീതി

കളരിയിലെത്തിയാൽ ആദ്യം പഠിപ്പിക്കുന്നത് തൊഴുന്നതിനാണ്. വിദ്യാർത്ഥികൾ ലങ്കോട്ടി മാത്രം ധരിച്ച് ശരീരത്തിലും ശിരസ്സിലും എണ്ണയും കുഴമ്പും തേച്ചുതിരുമ്മി പൂത്തറയ്ക്കടുത്ത് നിൽക്കുന്നു.

       “വലിഞ്ഞമർന്ന് വലത്തുനടന്ന് കളരിതൊട്ടു വന്ദിച്ചു…..”

എന്ന് തുടങ്ങുന്ന വായ്ത്താരി ഗുരുനാഥൻ ചൊല്ലിക്കൊടുക്കുന്നതനുസരിച്ച്, ഗുരുദക്ഷിണ നൽകി ഗുരുപാദം വന്ദിച്ച ശേഷം ശിഷ്യന്മാർ പൂത്തറ തൊഴുതു ശീലിക്കുന്നു. കളരിയിലെ എല്ലാ അഭ്യാസങ്ങളും പൂത്തറ തൊഴുതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

കളരിപ്പയറ്റിലെ പ്രധാന വിഭാഗങ്ങൾ

കളരിപ്പയറ്റിനെ പൊതുവായി മൂന്നായി തിരിക്കാം:

  1. ദേഹാഭ്യാസം

  2. ആയുധാഭ്യാസം

  3. വെറുംകൈപ്രയോഗങ്ങൾ

പടിഞ്ഞാറുഭാഗത്ത് ഗുരുനാഥനും കിഴക്കുഭാഗത്ത് ശിഷ്യനും നിന്നുകൊണ്ടാണ് പയറ്റഭ്യാസം ആരംഭിക്കുന്നത്. പയറ്റിലെ ഒരു പ്രധാന വിഭാഗമാണ് ഉഴിച്ചിൽ അഥവാ തിരുമ്മ്. ദേഹലാഘവത്തിനും കർമ്മസാമർത്ഥ്യത്തിനും ഇത് ആവശ്യമാണ്. ഒടിവ്, ചതവ് തുടങ്ങിയവയുടെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു.

കൂടാതെ പിഴിച്ചിൽ, ധാര, തൈലപ്രയോഗങ്ങൾ, മഷിപ്രയോഗങ്ങൾ മുതലായവയും കളരിപ്പയറ്റിൽ അടങ്ങിയിരിക്കുന്നു.

 ദേഹാഭ്യാസം – മെയ്യൊരുക്കം

മെയ്യൊരുക്കത്തിൽ ദേഹാഭ്യാസം, കാൽപ്രയോഗങ്ങൾ, മർമ്മവിദ്യ (വെട്ടും തഞ്ചം) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. ചുവട് പതിനെട്ടടവുകൾ ദേഹാഭ്യാസത്തിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എട്ടുവടിവുകളാണ്. അവ താഴെ പറയുന്നവയാണ്:

  • ഗജവടിവ് (ആന)

  • സിംഹവടിവ് (സിംഹം)

  • അശ്വവടിവ് (കുതിര)

  • സർപ്പവടിവ് (പാമ്പ്)

  • വരാഹവടിവ് (പന്നി)

  • മയൂരവടിവ് (മയിൽ)

  • മാർജ്ജാരവടിവ് (പൂച്ച)

  • കുക്കുടവടിവ് (കോഴി)

ചില പ്രത്യേക നീക്കങ്ങൾക്ക് ശേഷമാണ് ഈ വടിവുകളിൽ നിലയുറപ്പിക്കുന്നത്. ഉദാഹരണത്തിന്: “പാദങ്ങൾ ചേർത്തുനിന്ന് ഉപ്പൂറ്റി കുത്തി വിരുത്തി പെരുവിരലൂന്നി വിരുത്തി നിലയുറപ്പിക്ക…” എന്നിങ്ങനെയുള്ള കഠിനമായ ശാരീരിക മുറകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

മെയ്പയറ്റ് – ഒന്നാമത്തെ അടവ്

മെയ്പയറ്റിലെ ഒന്നാമത്തെ അടവിന്റെ വായ്ത്താരി ഇങ്ങനെയാണ്: “അമർന്ന്, അമർച്ചയിലിടത്തുവച്ച് വലത്തുകൊണ്ട് വലത്തു ചവുട്ടി വലത്തതും പുറകോട്ടുമാറി ഇടത്തതും കൂട്ടിവാങ്ങിയമർന്ന് അമർച്ചയിലിടത്തുവെച്ച് വലത്തുകൊണ്ടുചവുട്ടി വലത്തതും പുറകോട്ടുമാറി ഇടത്തതെടുത്തുനിന്നു ചാടിക്കെട്ടിച്ചവുട്ടിവലിഞ്ഞമർന്ന് നിവർന്ന് വലത്തു നേരേ ഇടത്തു നേരേ തിരിഞ്ഞുചാടി വലിഞ്ഞമർന്ന് നിവർന്ന് ഇടത്തതെടുന ത്തിന്ന് ചാടിക്കെട്ടിച്ചവുട്ടി വലിഞ്ഞമർന്ന് വലത്തുനേരേ ഇടത്തുനേരേ വലത്തു നേരേ തിരിഞ്ഞു ചാടിവലിഞ്ഞമർന്ന് നിവർന്ന് ഇടത്തതെടുത്തുനിന്ന് ചാടിക്കെട്ടിച്ചവുട്ടി വലിഞ്ഞമർന്ന് നീക്കിത്തെരുത്ത്… തെരുത്ത്… തെരുത്ത് വലത്തു ചവുട്ടി ഇടത്തതു തൂക്കി വഴിമാറി പൊങ്ങിയമർന്ന്…”

കളരിയഭ്യാസത്തിന്റെ അടിസ്ഥാനതത്വം മുഴുവൻ സ്ഥിതിചെയ്യുന്നത് മെയ്‌പയറ്റിലെയും ഒറ്റപ്പയറ്റിലെയും ഒന്നാമത്തെ അടവിലാണ്. യഥാർത്ഥ യുദ്ധത്തിൽ ഈ നീക്കങ്ങൾ അങ്ങേയറ്റം പ്രയോജനകരമാണ്.

 കാൽപ്രയോഗങ്ങൾ (പകർച്ചക്കാൽ)

കാലുകൾ പലവിധത്തിൽ പ്രയോഗിച്ച് കൈകളെക്കാൾ സ്വാധീനമുള്ളതാക്കിത്തീർക്കുന്ന അഭ്യാസസമ്പ്രദായമാണിത്. ഇതിൽ നേർകാൽ, വീതുകാൽ, വീതുതിരിച്ചുകാൽ, കോൺകാൽ, പുറംകാൽ, ചാടിപ്പുറംകാൽ, ഇരുത്തിക്കാൽ, തിരിച്ചുകാൽ, അകംകാൽ, വെട്ടിക്കാൽ എന്നിങ്ങനെ അനവധി കാൽപ്രയോഗങ്ങൾ അടങ്ങിയിരിക്കുന്നു.

 മർമ്മപ്രയോഗം (വെട്ടും തഞ്ചവും)

ഈ അഭ്യാസത്തിന് ‘അടിയും തടയും’ എന്നും പറയാറുണ്ട്. ദേഹാഭ്യാസത്തിന് മകുടം ചാർത്തുന്ന പരിശീലനമാണിത്. ഇതിൽ മർമ്മസ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രയോഗങ്ങളും അതിന്റെ പ്രതിവിധികളും അടങ്ങിയിരിക്കുന്നു. ആത്മരക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

ആയുധപ്പയറ്റിലെ വിവിധ ആയുധങ്ങൾ

കളരിപ്പയറ്റിൽ പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് പരിശീലനം നൽകുന്നു:

പന്തിരുച്ചാൺ

ആയുധങ്ങളിൽ ആദ്യത്തേതാണ് പന്തിരുച്ചാൺ അഥവാ 12 ചാൺ നീളമുള്ള വടി. ഈ വടികൊണ്ട് അടിക്കാനും, അടി തടുക്കാനും, കുത്താനും പരിശീലിപ്പിക്കുന്നു. ദൃഷ്ടി ഉറയ്ക്കുന്നതിനും ആയുധങ്ങൾക്ക് മുന്നിൽ പതറാതിരിക്കാനും ഈ പരിശീലനം സഹായിക്കുന്നു.

ചെറുവടി (മുച്ചാൺ)

ആയുധപ്പയറ്റിലെ രണ്ടാമത്തെ ആയുധമാണിത്. മൂന്ന് ചാൺ നീളം മാത്രമുള്ള വടിയായതുകൊണ്ടാണ് ഇതിന് മുച്ചാൺ എന്ന് പേര് ലഭിച്ചത്. വളരെ വേഗതയിലും സൂക്ഷ്മതയിലും കൈകാര്യം ചെയ്യേണ്ട ആയുധമാണിത്. ഈ പരിശീലനം വഴി ഒരു മിനിറ്റിൽ ഏതാണ്ട് നൂറ്റിയിരുപതോളം അടി അടിക്കുകയോ തടുക്കുകയോ ചെയ്യാനുള്ള വേഗത അഭ്യാസിക്ക് ലഭിക്കുന്നു.

ഗദ

അത്ര പ്രചാരമില്ലാത്ത ഒരായുധമാണിത്. ഭാരം കൂടുതൽ ഉള്ളതുകൊണ്ട് കായബലമുള്ള അഭ്യാസികൾ മാത്രമേ ഗദ ഉപയോഗിക്കാറുള്ളൂ. ഇത് ദേഹത്തെ പെട്ടെന്ന് ക്ഷീണിപ്പിക്കുന്ന ഒന്നാണ്.

ഒറ്റ

കളരിയഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരായുധമാണ് ഒറ്റ. വളവുള്ള ഒരു പ്രത്യേകതരം കോലാണിത്. ഇതിൽ പതിനെട്ടടവുകൾ അടങ്ങിയിരിക്കുന്നു.

ആകെയുള്ള 107 മർമ്മങ്ങളിൽ മുഖ്യമായ 64 കുലാഭ്യാസ മർമ്മങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രയോഗങ്ങൾ ഇതിലുണ്ട്. വേണ്ടത്ര ശ്രദ്ധയില്ലെങ്കിൽ പരിശീലനത്തിനിടയിലുണ്ടാകുന്ന ചെറിയ പിഴവുപോലും മരണത്തിന് കാരണമായേക്കാം.

കഠാരം (കഠാരയുദ്ധം)

നീളമുള്ളതും മൂർച്ചയേറിയതുമായ കഠാര വലംകൈയിൽ പിടിച്ച് നടത്തുന്ന യുദ്ധമാണിത്. കഠാരപ്പയറ്റിലെ നാഗം, വജ്രം, ചേതനം തുടങ്ങിയ പ്രയോഗങ്ങൾ കാണികളെ അത്ഭുതപ്പെടുത്തുന്നവയാണ്.

കുന്തപ്പയറ്റും മറപിടിച്ച കുന്തവും

കുന്തപ്പയറ്റിലെ ആകർഷമം, വികർഷമം, ധൂയനം, ഖേധനം തുടങ്ങിയ പ്രയോഗങ്ങൾ ഭീതിയുണർത്തുന്നവയാണ്.

ഒരാൾ വാളും പരിചയും, മറ്റേയാൾ കുന്തവും ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായി നടത്തുന്ന പയറ്റാണ് ‘മറപിടിച്ച കുന്തപ്പയറ്റ്’. ഇതിന്റെ തുടക്കം ഇങ്ങനെയാണ്: “വെട്ടേക്കണ്ടു അമരംകൊണ്ടൊന്നുതല്ലി…. വലത്തുവച്ചു തെരുത്തു … …”. കുന്തക്കാരൻ വാൾക്കാരന്റെ പഴുതുനോക്കി കുന്തം പ്രയോഗിക്കുമ്പോൾ, വാൾക്കാരൻ ആ കുത്തുകൾ പരിചകൊണ്ട് തടുത്ത് തഞ്ചത്തിൽ നിലയുറപ്പിക്കുന്നു.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments