കാർത്തി പ്രദീപ്
ബുധൻ മൗഢ്യത്തിലും വക്രത്തിലും നിന്നാൽ
വിദ്യാഭ്യാസം മുടങ്ങുമോ?
മനുഷ്യന്റെ ചിന്തകൾ ഏറെ സങ്കീർണ്ണമാണ്. ജനനം മുതൽ അവസാന കാലം വരെയുള്ള മനോഭാവം കാലാന്തരത്തിലെ അവസ്ഥകൾക്കും ഗതി വിഗതികൾക്കും സമഞ്ജസപ്പെട്ടിരിക്കുന്നു. അറിയുന്ന അറിവുകളിൽ നിന്നും വ്യക്തി വളർന്ന് ജീവിത സാഹചര്യങ്ങളോട് പൊരുതി കാലയവനികയ്ക്കുള്ളിൽ മറയുന്നു. ഏതൊരു കാര്യത്തിലും രണ്ട് പക്ഷാന്തരമുണ്ട്; വിശ്വാസവും അവിശ്വാസവും. അത് ഒരു വ്യക്തി നേടിയ അല്ലെങ്കിൽ, ആർജ്ജിച്ച അറിവിന്റെ അടിസ്ഥാനത്തിലാകും പ്രാവർത്തികമാകുന്നത്.
വിഷയീകരണത്തിൽ സ്പർശിക്കുമ്പോൾ ജ്യോതിഷത്തിലും മേൽ പറഞ്ഞ വിശ്വാസവും അവിശ്വാസവുമുണ്ട്. വിശ്വാസ പ്രമാണത്തിൽ അധിഷ്ടിതമായവരുടെ മാനസിക പരിവർത്തനത്തിന് ജ്യോതിഷം നല്കുന്ന പാത ഒരു വഴികാട്ടിയാണെന്ന് പറയുന്നത് യാഥാർത്ഥ്യ ബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭൂതവും ഭാവിയുമെല്ലാം ഇവിടെ വിശകലനത്തിനും ചിന്തകൾക്കും മുതൽക്കൂട്ടാവുന്നു.
വിദ്യാഭ്യാസവും ജ്യോതിഷവും
ജോതിഷ പ്രവചനങ്ങൾക്ക് ഒരു വ്യക്തിയുടെ വിദ്യാഭ്യാസ വിഗതികളിൽ കാലനിർണ്ണയം നടത്താനാവുമോ എന്നത് കാര്യമാത്ര പ്രസക്തമായ ചോദ്യമാണ്. ശാസ്ത്രീയമായി ജ്യോതിഷം അഭ്യസിച്ച ഒരു ജ്യോതിഷിക്ക് ഒരു പരിധി വരെ വ്യക്തിയുടെ വിദ്യാഭ്യാസപരമായ ഗ്രാഫ് പ്രവചിക്കാനാവുമെന്നത് യാഥാർത്ഥ്യമാണ്.
ബുധൻ മൗഢ്യത്തിലും വക്രത്തിലും വ്യക്തിയുടെ ബുധൻ മൗഢ്യത്തിലും വക്രത്തിലും നിന്നാൽ വിദ്യാഭ്യാസപരമായി ഉയരാൻ സാധ്യതയില്ലെന്ന് ചില ജ്യോതിഷികൾ പറയുന്നു. മാത്രമല്ല, അത്തരത്തിലുള്ളവരെ മാനസികമായും തളർത്തുന്നു. ലോല ഹൃദയഹാരികൾ ഇതോടെ ഭയവിഹ്വലരാകുന്നു. ജീവിതം തന്നെ താറുമാറാകുന്നു.
യഥാർത്ഥത്തിൽ ബുധന് മൗഢ്യം വന്നാൽ സൂര്യനോട് അടുക്കുകയാണ്. വ്യക്തിയുടെ നിപുണത കൂടുകയാണ് ചെയ്യുന്നത്. ഏത് കർമ്മമേഖലയിലാണോ,കാര്യത്തിലേക്കാണോ ഇടപെടുന്നത് ആത് ഉയർച്ചയിലേക്കാണ് ഭവിക്കുന്നത്. ഇത് വിസ്മരിച്ചു കൊണ്ടാണ് കൂടുതൽ ജ്യോതിഷികളും മാനദണ്ഡങ്ങൾക്ക് വിധേയമാകാതെ പ്രവർത്തിച്ചു കാണുന്നത്. അവിടെ ഒരു കച്ചവട തന്ത്രം ഒളിച്ചിരിക്കുന്നത് മനസിലാക്കേണ്ടതുണ്ട്.യന്ത്ര വില്പനയ്ക്കാണ് പ്രധാന റോൾ.അതിന് വേണ്ടിയുള്ള ഒരു പ്രധാന തന്ത്രമായി ഇത് മാറി.
ജ്യോതിഷം ഉപദേശം കൊടുക്കാനുള്ളതാണ്. ഗുണദോഷ കാര്യങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, അവരെ മന:ശാസ്ത്രപരമായി മാനസിക പരിവർത്തനം നടത്തുക എന്നിവയാണ്
ചെയ്യേണ്ടത്. ജ്യോതിഷം ഒരു വ്യക്തിയെ ഭയപ്പെടുത്തി പണം ഉണ്ടാക്കാൻ മാത്രമുള്ളതായി മാറരുത്.
ഗ്രഹനിലകളും താരതമ്യ പഠനവും
വളരെ കാര്യമായി ശ്രദ്ധിക്കേണ്ട ഒരു ഗ്രഹനിലയാണ്. സ്ത്രീ ജാതകം :
ധനുലഗ്നം. രണ്ടിൽ ശനി,കേതു.മൂന്നിൽ ശുക്രൻ. നാലിൽ സൂര്യൻ, ഗുരു, ബുധൻ. ഈ ബുധന്റെ പ്രത്യേകത പറയുകയാണെങ്കിൽ നീചാവസ്ഥയിലാണ്, കൂടാതെ, മൗഢ്യത്തിലുമാണ്. ലഗ്നാധിപനും നാലാം ഭാവാധിപനുമായ വ്യാഴവും മൗഢ്യത്തിലാണ്. ശനിയുടെ ദൃഷ്ടിയുമുണ്ട്. ബുധനെ ശനി ദൃഷ്ടി ചെയ്താലും വിദ്യാഭ്യാസം മുടങ്ങും അല്ലെങ്കിൽ, പഠിക്കത്തില്ല എന്നൊക്കെ പറയുന്നു. ബുധൻ നീചാവസ്ഥയിലാണ്. അപ്പോഴും ദോഷം പറയാൻ പറ്റും.കുറെ വ്യവസ്ഥകൾ അവിടെ അനുകൂലമായി വരുന്നു. അതുകൊണ്ട് ഈ ജാതക പഠിക്കത്തില്ലെന്ന് പറയുന്നു. പക്ഷേ, എന്താണ് സംഭവിച്ചത്? വ്യാഴം, സൂര്യൻ, ബുധൻ എന്നിവ കൂടി ചേർന്ന് നിന്നുകൊണ്ട് കൊടുത്ത ഗുണം എന്താണെന്ന് നോക്കുക: കേന്ദ്ര ബലത്തിലാണ് വ്യാഴം നില്ക്കുന്നത്.
കേന്ദ്രത്തിലെ ബുധൻ വ്യാഴത്തിന്റെ ജ്ഞാന കാരകന്റെ കൂടെയും ജ്ഞാനകാരകന്റെ രാശിയിൽ സൂര്യനും കൂടാതെ, വ്യാഴത്തിനും വൈദ്യ കാരകത്വം വ്യക്തമാകുന്നു. അതുകൊണ്ട് കാരകത്വമുള്ള മേഖല കൊടുത്തു. പിന്നെ, ആറിൽ ചന്ദ്രൻ, എട്ടിൽ ചൊവ്വയും സർപ്പനും. ഇങ്ങനെ വരുമ്പോൾ രാഹു കേതുക്കളുടെ ആക്സിസ് ബന്ധം ചൊവ്വായ്ക്കും സർപ്പനും ഇടയിൽ വന്നിട്ടുണ്ടെന്ന് പറയാം. വേണമെങ്കിൽ കാള സർപ്പത്തിൻ്റെ ഒരു വിശേഷണം കൂടി അവരോധിക്കാം.
ഈ ജാതക ഒരു ഗൈനക്കോളജിസ്റ്റാണ്. MBBS, MD, DMO, DNB, FRCOG ഇതെല്ലാം കഴിഞ്ഞ ഒരു ഡോക്ടറാണ്. യഥാർത്ഥത്തിൽ പഠനത്തിന് മോശമായിരുന്നോ?
വിദ്യാഭ്യാസം മുടങ്ങിയിരുന്നോ? നിങ്ങൾ തന്നെ ശ്രദ്ധിക്കുക. അപ്പോൾ മൗഢ്യം പറയുമ്പോഴും നീചൻ പറയുമ്പോഴും അതേ പോലെ, വക്രം പറയുമ്പോഴും ആലോചിക്കേണ്ട കാര്യങ്ങളാണ്. എന്താണ് കുഴപ്പം? ചിന്തിക്കേണ്ടതാണ്. ഒരു ഗ്രഹം മൗഢ്യത്തിലാകുന്നുവെന്ന് പറഞ്ഞാൽ സൂര്യനോട് അടുക്കുമ്പോൾ അതിൻ്റെ ഏതെങ്കിലും ഒരു കാരകത്വം സ്പർശിക്കേണ്ടതുണ്ട്. ബുധന് ഒരുപാട് കാരകത്വമുണ്ട്. “പാണ്ഡിത്യം സുപച:കലാനിപുണതാം വിദ്വൽസ്തുതിം മാതുലം വാക്ചാതുര്യം ഉപാസനാദി പഠിതാം വിദ്യാസുയുക്തിം മതിം “. അങ്ങനെ എത്രയോ കാരകത്വമുണ്ട്. അതേപോലെ വ്യാഴത്തിനും ഒരുപാട് കാരകത്വമുണ്ട്. ഏതെങ്കിലും ഒരു കാരകത്വം മുടങ്ങാമെന്നല്ലാതെ ഒരു കാരണവശാലും ബുധൻ നീചത്തിലായതു കൊണ്ട് എല്ലാം നഷ്ടപ്പെട്ടു പോകുമെന്ന് പറയാനാവില്ല.
28.1.1989 ൽ ജനിച്ച മറ്റൊരു സ്ത്രീയുടെ ജാതകം പരിശോധിക്കാം:
ചിത്തിര നക്ഷത്രം. മേടലഗ്നം. ലഗ്നത്തിൽ കുജൻ. രണ്ടിൽ ഗുരു. അഞ്ചിൽ കേതു. ആറിൽ ചന്ദ്രൻ. ഒൻപതിൽ ശുക്രൻ, മന്ദൻ. പത്തിൽ രവി, ബുധൻ. പതിനൊന്നിൽ രാഹു. പന്ത്രണ്ടിൽ ഗുളികൻ. ഈ രവിയോടൊപ്പം ബുധനും കൂടെ ഗുളികനുമുണ്ട്. ഗുളികൻ പത്തിലും പതിനൊന്നിലും വന്ന് ഒറ്റയ്ക്ക് നിന്നാൽ എന്തോ ഭയങ്കര
രാജ യോഗമെന്നോ മറ്റും പറയുന്നു. പക്ഷേ, ഏതാണ്ട് ഇവിടെ ഗുളികൻ ബുധന്റെയും സൂര്യന്റെയും കൂടെ നില്ക്കുന്നു. എന്നാൽ,വിവാഹ പൊരുത്തത്ത പരിശോധനയിൽ ഗുളികനെ പാപനായി പരിഗണിക്കാറില്ല. ഗുളികൻ എല്ലാ ഗ്രഹനിലകളിലും ഒരുപോലെ പ്രവർത്തിക്കുന്നുവെങ്കിൽ ഗുളികനെ പരിഗണിക്കാം. ഗുളിക ഭവനാധിപത്യം ഇവിടെ കണക്കിലെടുക്കാം. പക്ഷേ, ഇവിടെ അതൊന്നും ദോഷമായി വന്നിട്ടില്ലെന്നത് ശ്രദ്ധിക്കുക. കർമ്മ സ്ഥാനത്ത് രവി, ബുധ യോഗം.ബുധനും വക്രഗതിയും മൗഢ്യത്തിലാണ്. പക്ഷേ, ജാതക മജിസ്ട്രേറ്റ് ആണ്. ചെറു പ്രായത്തിൽ ജുഡിഷ്യൽ മജിസ്ട്രേറ്റായി. ഈ ജാതകയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാഴത്തിൻ്റെ ദൃഷ്ടി രവിയ്ക്കും ബുധനും ബന്ധം വന്നിരിക്കുന്നു. രണ്ടാം ഭാവത്തിൽ വ്യാഴം. അത് വൈദ്യ മേഖല, നിയമ മേഖല എന്നിവയുടെ ബന്ധമാണ് സൂചിപ്പിക്കുന്നത്. അതാണ് ഏറ്റവും വലിയ പ്രത്യേകത.
അതുപോലെ തന്നെ കാരകത്വം ഏറ്റവും ബലവാനായി ചൊവ്വയുടെ ഉച്ചരാശിയിലുമാണ്. രവിയും ബുധനും കൂടെ ബന്ധം വന്നിരിക്കുന്നു. അപ്പോൾ നിയമ മേഖല അവിടെ ബന്ധത്തിൽ വന്നു. ഗുളിക ഭാവനാധിപൻ ഇവിടെ പ്രായോഗികമായില്ല. എന്ന് മാത്രമല്ല, ഏറ്റവും വലിയ ഒരു സ്ഥാനമാനത്തിന് അവർക്ക് എത്താനും കഴിഞ്ഞു.
ഇനി ഒരു പുരുഷ ഗ്രഹനില പരിശോധിക്കാം: 27.7.1992 ൽ ജനിച്ച പുരുഷൻ.
മിലിറ്ററി ഡോക്ടർ.കന്നി ലഗ്നം. മൂന്നിൽ ഗുളികൻ. നാലിൽ സർപ്പൻ. അഞ്ചിൽ ശനി. ഒൻപതിൽ ചൊവ്വ. പത്തിൽ ചന്ദ്രനും കേതുവും. പതിനൊന്നിൽ രവി, ബുധൻ, ശുക്രൻ. പന്ത്രണ്ടിൽ വ്യാഴം. പന്ത്രണ്ടിൽ വ്യാഴം മറഞ്ഞുപോയി എന്ന് പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക: അത്തരക്കാർ ആതുര സേവന മേഖലയുമായി
ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരാണെന്ന് സമർത്ഥിക്കേണ്ടതുണ്ട്. ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിലേക്ക് വ്യാഴൻ്റെ ബന്ധം വന്നാൽ വൈദ്യ മേഖല, നിയമ മേഖല അല്ലെങ്കിൽ, സമൂഹത്തിന് വേണ്ടി ഏതെങ്കിലും സേവനം ചെയ്യുന്ന മേഖലയെന്ന് അനുമാനിക്കേണ്ടി വരുന്നു. അതായത്, IPS, IAS തുടങ്ങിയവ ബന്ധിപ്പിക്കേണ്ടി വരും. അവിടെ ചൊവ്വയുടെ ബന്ധം കൂടി വരും. ഇവിടെ ജാതകൻ ചൊവ്വയുടെ ബന്ധം കൊണ്ട് മിലിറ്ററി ഡോക്ടറായി. ഈ ചൊവ്വ ഗുളിക ഭവനാധിപനാണ്. എന്നിട്ടും ഒരു കുഴപ്പവും ചെയ്യുന്നില്ല.
യൂണിഫാം തൊഴിലാണ്. പത്താം ഭാവാധിപൻ ബുധൻ മൗഢ്യത്തിലും വക്രം മൗഢ്യത്തിലുമാണ്. അതേപോലെ സൂര്യനും ബുധനും ശുക്രനും പതിനൊന്നിൽ കർക്കിട രാശിയിൽ വന്നാലും മോശപ്പേരുണ്ട്. രണ്ടാം ഭാവാധിപനും ബുധനുമായിട്ടുള്ള യോഗമാണ് പന്ത്രണ്ടാം ഭാവാധിപനായ സൂര്യന്റെ കൂടെ നില്ക്കുന്നത്. “കന്യായാം പരദേശ “അതായത്, പരദേശ തൊഴിൽ ചെയ്യാനുള്ള യോഗം. കർക്കിടക രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നു. പന്ത്രണ്ടിലെ വ്യാഴം ആറാം ഭാവത്തിലേക്കും എട്ടാം ഭാവത്തിലേക്കും ദൃഷ്ടി ചെയ്യുന്നു. പന്ത്രണ്ടാം ഭാവാധിപനായ സൂര്യന്റെ രാശിയിലാണ് വ്യാഴം നില്ക്കുന്നത്. പന്ത്രണ്ടാം ഭാവാധിപനായ സൂര്യൻ കർമ്മാധിപനായ ബുധന്റെ കൂടെ യോഗം
ചെയ്തിരിക്കുന്നു. ഇവിടെ ജാതകൻ ആതുര സേവന മേഖലയിൽ ജോലി ചെയ്യുന്നു. ബുധന്റെ മൗഢ്യം, വക്രഗതി, നീചാവസ്ഥ ഇവയെല്ലാം സാഹചര്യത്തിന് അനുകൂലമായി കാരകത്വത്തെ ബന്ധിപ്പിച്ച് പ്രായോഗികമാക്കണം.
മിലിറ്ററിയിലെ ഡോക്ടർ ആകണമെങ്കിൽ ചെറിയ വിദ്യാഭ്യാസ യോഗ്യത മാത്രം പോരെന്ന് വ്യക്തമാണല്ലോ! ജാതകൻ കന്നിലഗ്നമാണ്. ആ ലഗ്നത്തിന്റെ അധിപനാണ് ലാഭ സ്ഥാനത്ത് നില്ക്കുന്നത്. ഇഷ്ട സ്ഥിതിയിലാണ്. ഇങ്ങനെയുള്ള ബന്ധം കൂടി ഇവിടെയുണ്ട്. അഷ്ടമാധിപനായ കുജനാണ് ഗുരുവിനെ ദൃഷ്ടി ചെയ്യുന്നത്.
പരിഹാരങ്ങൾ കാഴ്ചപ്പാടുകൾ
ഇവിടെ അപഗ്രന്ഥനം നടത്തിയ മൂന്ന് ഗ്രഹനിലകൾ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള വരാണ്. വിദ്യാഭ്യാസപരമായും പ്രാഗല്ഭ്യപരമായും വളരെയേറെ ഉയർന്ന സ്ഥാനത്തെത്തി ജീവിതം നയിക്കുന്നവരാണ്. ബുധൻ മൗഢ്യത്തിലും വക്രത്തിലും നിന്നതുകൊണ്ട് എന്തെങ്കിലും സംഭവിച്ചോ? ദുരുപതിഷ്ടതയോടെ ജ്യോതിഷത്തെ തെറ്റായ മാർഗ്ഗത്തിലേക്ക് നയിച്ചാൽ അത് സമൂഹത്തിൽ ഒരുപാട് ജീവിതങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും.
ഒരു ജ്യോതിഷി അക്ഷരാർത്ഥത്തിൽ സമൂഹത്തോട് കടപ്പാടും കാഴ്ചപ്പാടും ഉള്ള വ്യക്തിയായിരിക്കണം. മനസിന്റെ വിഹ്വലതകളെ അകറ്റാനുതകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നല്കാനായിരിക്കണം മുതിരേണ്ടത്. ജ്യോതിഷിയുടെ ജീവിതം ജ്യോതിഷമാകുമ്പോൾ, അവർ മറ്റുള്ളവർക്ക് പകർന്ന് നല്കുന്ന വാക്കുകൾ, വചനങ്ങൾ തുടങ്ങി മറ്റെല്ലാ ഘടകങ്ങളും ഒരു നല്ല മന:ശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടോടെ സാധൂകരിക്കാൻ കഴിയുന്നതായിരിക്കണം. ജ്യോതിഷത്തിൽ ഇതല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗവുമില്ല!
Gmail ID :minikarthy@gmail.com
Mob: 9846710702
