HomeEducationഗർഭകാല പരിചരണത്തിലും പ്രായോഗിക പരിശീലനത്തിലും ഡിപ്ലോമ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു

ഗർഭകാല പരിചരണത്തിലും പ്രായോഗിക പരിശീലനത്തിലും ഡിപ്ലോമ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു

- Advertisement -

കൊല്ലം: വനിതകൾക്ക് പുതിയ തൊഴിൽമേഖലകളിലേക്കും സ്വയംതൊഴിൽ സംരംഭങ്ങളിലേക്കും വഴിതുറക്കുന്നതിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും പാവുമ്പാസ് ക്രിയേറ്റിവിറ്റി ഗാർഡൻ – പെർഫോം കോളേജ് ഓഫ് സ്കിൽ ഡെവലപ്‌മെന്റും കൈകോർക്കുന്നു. കാലികപ്രസക്തവും തൊഴിൽസാധ്യതയേറിയതുമായ ‘ഗർഭകാല-പ്രസവകാല പരിചരണവും പ്രായോഗിക പരിശീലനവും’ എന്ന വിഷയത്തിൽ സമഗ്ര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതിനായാണ് ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ആധുനിക കാലഘട്ടത്തിൽ അമ്മമാരുടെയും നവജാതശിശുക്കളുടെയും ശാസ്ത്രീയ പരിചരണത്തിന് ആവശ്യക്കാർ ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നൂതന പാഠ്യപദ്ധതിക്ക് സർവകലാശാല രൂപം നൽകിയിരിക്കുന്നത്. ഗർഭകാലത്തും പ്രസവാനന്തരവും അമ്മമാർക്ക് ആവശ്യമായ ശാരീരിക-മാനസിക പിന്തുണ, നവജാതശിശു പരിചരണം, പരമ്പരാഗതവും ആധുനികവുമായ പരിചരണരീതികൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഡിപ്ലോമ പ്രോഗ്രാം. വനിതകൾക്ക് സ്വന്തമായി തൊഴിൽ കണ്ടെത്താനും ആരോഗ്യ-പരിചരണ രംഗത്ത് മികച്ച സേവനദാതാക്കളായി വളരാനും ഈ കോഴ്‌സ് സഹായകമാകും.

കുരീപ്പുഴയിലുള്ള സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ പ്രൊഫ. അഭിലാഷ് ബാബുവും പാവുമ്പാസ് ക്രിയേറ്റിവിറ്റി ഗാർഡൻ – പെർഫോം കോളേജ് ഓഫ് സ്കിൽ ഡെവലപ്‌മെന്റ് സി.ഇ.ഒ പാവുമ്പ മനോജും ധാരണാപത്രം ഒപ്പുവെച്ച് പരസ്പരം കൈമാറി. സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. ജഗതിരാജിന്റെ സാന്നിധ്യത്തിലാണ് ചരിത്രപരമായ ഈ സഹകരണത്തിന് തുടക്കമായത്.

സൈദ്ധാന്തിക പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രായോഗിക പരിശീലനം, ആശയവിനിമയ ശേഷി, വ്യക്തിത്വ വികസനം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ നൈപുണ്യ വികസന പരിപാടികളും ഈ കോഴ്സിന്റെ ഭാഗമായി ഉറപ്പാക്കും. മികച്ച പരിശീലനത്തിലൂടെ ഈ രംഗത്ത് പ്രൊഫഷണൽ വൈദഗ്ധ്യമുള്ള ഒരു തൊഴിൽസേനയെ വാർത്തെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ കെ. എസ്. ശാലിനി, പെർഫോം പ്രോജക്ട് ഹെഡ് അഞ്ജലി കല്യാണി, പ്രിൻസിപ്പൽ രാജു സാരംഗം, കോർഡിനേറ്റർ അരുൺ അരവിന്ദ് എന്നിവർ പങ്കെടുത്തു.

തുടർന്ന് പദ്ധതി വിശദാംശങ്ങൾ പങ്കുവെക്കാനായി കൊല്ലത്ത് വാർത്താസമ്മേളനവും സംഘടിപ്പിച്ചു. വാർത്താസമ്മേളനത്തിൽ പെർഫോം സി.ഇ.ഒ പാവുമ്പ മനോജ്, പ്രിൻസിപ്പൽ രാജു സാരംഗ്, അക്കാഡമിക് കോർഡിനേറ്റർ കെ. സന്തോഷ് കുമാർ, വൈസ് പ്രിൻസിപ്പൽ അരുൺ അരവിന്ദ് എന്നിവർ പങ്കെടുത്തു. കോഴ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും പ്രവേശന അന്വേഷണങ്ങൾക്കും 9778562639 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments