കോടികളുടെ മെഡിക്കൽ ഉപകരണങ്ങൾ പൊടിപിടിച്ചു നശിക്കുന്നു; ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ജൂലൈ 7ന് തിരുവനന്തപുരത്ത് ചേരും: മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ ഓഫീസിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മിന്നൽ സന്ദർശനം നടത്തി.
ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഒക്കുപ്പേഷനൽ ഹെൽത്ത് ആൻഡ് റിസർച്ച് സെന്ററിലെ (Occupational Health and Research Centre) കോടികൾ വിലമതിക്കുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമായി നശിച്ചുപോകുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ ഈ അപ്രതീക്ഷിത സന്ദർശനം.
മന്ത്രി നടത്തിയ വിശദമായ പരിശോധനയിൽ കോടികളുടെ അനാസ്ഥയും വീഴ്ചയും പൂർണ്ണമായും ബോധ്യപ്പെട്ടു.
ഈ ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ജൂലൈ 7 ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് വിളിച്ചുചേർത്തതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ; 10 വർഷമായിട്ടും ഒരു തൊഴിലാളിക്ക് പോലും പ്രയോജനപ്പെട്ടില്ല
തൊഴിലാളികൾക്ക് ഉണ്ടാകുന്ന വിവിധങ്ങളായ തൊഴിൽജന്യ രോഗങ്ങൾ (Occupational Diseases) കൃത്യമായി പരിശോധിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോടികൾ മുടക്കി ഇവിടെ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചത്.
എന്നാൽ കഴിഞ്ഞ 10 വർഷമായി ഈ സെന്ററിലെ അൾട്രാസൗണ്ട് സ്കാനിങ് മെഷീനും എക്സ്-റേ മെഷീനും ഒരു തവണ പോലും ഉപയോഗിക്കാതെ കേവലം പൊടിപിടിച്ച് നശിക്കുന്ന അവസ്ഥയിലാണെന്ന് മന്ത്രി കണ്ടെത്തി.
മെഡിക്കൽ ഉപകരണങ്ങൾക്ക് പുറമേ ലക്ഷങ്ങൾ ചിലവഴിച്ച് പുതുക്കിപ്പണിത എ.സി ഹാളും യാതൊരു ആവശ്യത്തിനുമുപയോഗിക്കാതെ പൂർണ്ണമായും നശിച്ച നിലയിലാണ്.
കോടികൾ ചിലവഴിച്ച് പൊതുപണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങളെ കഴിഞ്ഞ പത്ത് വർഷക്കാലവും വകുപ്പ് ഇത്രമാത്രം ലാഘവത്തോടെ കണ്ടത് അത്യന്തം ഖേദകരമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കേണ്ടിയിരുന്ന ചികിത്സാ സഹായവും പരിശോധനകളും ഇല്ലാതാക്കിയ വകുപ്പിലെ ഈ വലിയ അനാസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജീവനക്കാരില്ലെന്ന ന്യായീകരണം തള്ളി മന്ത്രി; കർശന അന്വേഷണത്തിനും നടപടിക്കും നിർദ്ദേശം
കോടികളുടെ ഉപകരണങ്ങൾ എന്തുകൊണ്ട് പ്രവർത്തിപ്പിച്ചില്ല എന്ന മന്ത്രിയുടെ ചോദ്യത്തിന്, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതുകൊണ്ടാണ് ഇവ ഉപയോഗിക്കാതെ പോയത് എന്ന തികച്ചും ബാലിശമായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.
എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച മറയ്ക്കാനുള്ള ഈ ന്യായീകരണം മന്ത്രി ബിന്ദു കൃഷ്ണ പൂർണ്ണമായും തള്ളി.
ഈ വിഷയത്തിൽ വളരെ ഗൗരവകരമായ അന്വേഷണം സംസ്ഥാന തലത്തിൽ തന്നെ ഉണ്ടാവുമെന്നും, ഇതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
10 വർഷമായി പൂട്ടിയിട്ടിരിക്കുന്ന സ്കാനിങ് മെഷീനും എക്സറേ മെഷീനും ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന് സാങ്കേതിക വിദഗ്ധരെ കൊണ്ട് അടിയന്തരമായി പരിശോധിപ്പിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി സന്ദർശന വേളയിൽ തന്നെ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.






















