നീലഗിരിയിലെ സൂചിമല വ്യൂ പോയിന്റിൽ നടന്ന ഭീകര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ സ്വദേശിയായ 28-കാരൻ അപകട മേഖലയിൽ സെൽഫി എടുക്കുന്നതിനിടെ 150 അടി ആഴമുള്ള കുഴിയിലേക്ക് വീണു. ഭാഗ്യവശാൽ ഇടയ്ക്ക് പാറകളിൽ കുടുങ്ങിയതിനാൽ ജീവൻ രക്ഷപ്പെട്ടു. ചില സമയത്തേക്ക് ബോധരഹിതനായിരുന്നു അദ്ദേഹം പിന്നീട് ബോധം വീണ്ടെടുത്ത് ഡ്രൈവറെ വിളിച്ച് സഹായം തേടി. ഗുരുതരമായി പരിക്കേറ്റതിനാൽ സ്വയം നീങ്ങാൻ സാധിച്ചില്ല.
തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, വനം വകുപ്പ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഭൗഗോളിക സാഹചര്യങ്ങൾ കാരണം അതീവ ബുദ്ധിമുട്ടുകൾ നേരിട്ടു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ മദ്രാസ് റെജിമെന്റ് രംഗത്തെത്തി. 12 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവം “മഞ്ഞുമ്മൽ ബോയ്സ്” സിനിമയെ ഓർമ്മിപ്പിക്കുന്ന യാഥാർത്ഥ്യ സംഭവമായി മാറിയിരിക്കുകയാണ്.






















