മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് ₹2.09 മുതൽ ₹2.35 വരെ വർധിപ്പിച്ചു. മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്ന ഈ വർധന സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് നടപ്പാക്കിയത്.
BPCL Speed, HPCL Power, IOCL XP95 പോലുള്ള ഹൈ-ഓക്ടെയിൻ ഇന്ധനങ്ങളിലാണ് ഈ വിലവർധന ബാധകമായത്.
അതേസമയം സാധാരണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാത്തത് പൊതുജനങ്ങൾക്ക് താത്കാലിക ആശ്വാസമാണ്.
ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും മൂലം ആഗോള ക്രൂഡ് ഓയിൽ വില $100-ന് മുകളിൽ ഉയർന്നതോടെ ഇന്ത്യയിലെ ഇന്ധനവിലകളിലും പ്രതിഫലനം ഉണ്ടായതായി വിദഗ്ധർ പറയുന്നു.
ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയാകുന്നതിനാൽ ഇത്തരം അന്താരാഷ്ട്ര സംഭവവികാസങ്ങൾ നേരിട്ട് ആഭ്യന്തര വിലകളെ ബാധിക്കുന്നതായും നിരീക്ഷണം. സംഘർഷം തുടരുകയാണെങ്കിൽ ഇനിയും വിലവർധനയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.






















