കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ദേശീയപാത 744ന്റെ വികസന പദ്ധതി ദീർഘകാലമായി നിലച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ വിഷയം ഉന്നയിച്ചു. ചട്ടം 377 പ്രകാരമാണ് എം.പി ഇടപെട്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി നിരവധി വില്ലേജുകളിൽ 3ഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രദേശങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിലായി തുടരുകയാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിൽ ഉണ്ടാകുന്ന ഗുരുതരമായ കാലതാമസം ഭൂവുടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ വിഹിതം സംബന്ധിച്ച തീരുമാനം വൈകിയതും ജിഎസ്‌ടി റോയാലിറ്റി ഇളവുകളിലെ അനിശ്ചിതത്വവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഇതുമൂലം ഭാരത് മാല പദ്ധതിയിൽ നിന്ന് NH 744 ഒഴിവാക്കപ്പെട്ടു. പുതുക്കിയ പദ്ധതി സമർപ്പിച്ചിട്ടും അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും പദ്ധതി അംഗീകരിച്ച് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു.






















