കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കാൻ പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ട കലാകാരിയായിരുന്നു ചവറ പാറുക്കുട്ടി.പക്ഷേ ജീവിച്ചിരിക്കുമ്പോൾ അത് പ്രാവർത്തികമായില്ല.അവരുടെ മരണശേഷം കലാമണ്ഡലം അത് പ്രാവർത്തികമാക്കി.
ചവറ കോട്ടയ്ക്കകത്ത് ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും മകളായി 1944ൽ ജനിച്ചു. ബാല്യത്തിൽതന്നെ നൃത്താഭ്യാസം തുടങ്ങി. സ്കൂൾ വാർഷികത്തിൽ ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക’ സ്റ്റേജിൽ അസാമാന്യ മിഴിവോടെ അവതരിപ്പിച്ച് സമ്മാനം നേടി. 17-മത്തെ വയസ്സിൽ ‘പൂതനാമോക്ഷം’ കഥയിൽ വേഷമിട്ടു. ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. തുടർന്ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗം, മുകുന്ദപുരം ഉണ്ണായിവാര്യർ സ്‌മാരക കലാക്ഷേത്രം എന്നിവിടങ്ങളിൽകൂടി കഥകളിരംഗത്തെത്തി.
മാങ്കുളം കൃഷ്ണൻനമ്പൂതിരിയുടെ കീരിക്കാട്ടുള്ള സമസ്ത കേരള കഥകളി വിദ്യാലയത്തി ലെത്തിയ പാറുക്കുട്ടി ‘കചദേവയാനി’ ആട്ടക്കഥ അഭ്യസിച്ചു. 1964ൽ ഡൽഹി ഇൻ്റർനാഷണൽ കഥകളി സെന്ററിൽ കഥകളി അവതരിപ്പിച്ചതോടെ ദേശീയ ശ്രദ്ധ നേടി. തുടർന്ന് മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ കഥകളി അരങ്ങുകളിൽ പങ്കെടുത്തു. ഡൽഹിയിൽ കഥകളി കണ്ട കാർട്ടൂണിസ്റ്റ് ശങ്കർ പ്രശംസിക്കുകയുണ്ടായി. ആദ്യത്തെ പുരുഷവേഷം രുക്‌മിണി സ്വയംവരത്തിലെ ശ്രീകൃഷ്ണനായിരുന്നു. മാടൻനടയിലായിരുന്നു അരങ്ങേറ്റം. കല്യാ ണസൗഗന്ധികത്തിലെ ഭീമനായും പ്രഹ്ലാ ദചരിതത്തിലെ പ്രഹ്ലാദനായും രുക്‌മാംഗദ ചരിതത്തിലെ ദർമാംഗദനായും വേഷമിട്ടു. കചദേവയാനിയിലെ ദേവയാനി, നളചരിത ത്തിലെ ദമയന്തി, കല്യാണസൗഗന്ധികത്തി ലെ പാഞ്ചാലി എന്നിവയ്ക്ക് നവജീവൻ നൽകി.
കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാൻ; ജനകീയ കലയുടെ വക്താവ്
കഥകളിരംഗത്തെ അതികായന്മാരായ ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം കൃഷ്ണൻനായർ, പള്ളിപ്പുറം ഗോപാലൻനായർ, വാഴേങ്കട എന്നിവരുടെയൊക്കെ നായികയായി. നവരസങ്ങളിൽ കരുണമാണ് ഇഷ്ടരസം. മിനുക്ക്, പച്ചവേഷങ്ങളോടാണ് താൽപ്പര്യം. കൊല്ലം കഥകളി ക്ലബ്ബിന്റെ കൊട്ടാരക്കര തമ്പുരാൻ പുരസ്കാരം, കുറിച്ചി കുഞ്ഞൻപണിക്കർ അവാർഡ്, പകൽക്കുറി കലാഭാരതിയുടെ എം കെ കെ പുരസ്കാരം, ചാലക്കുടി നമ്പീശൻ സ്മാരക അവാർഡ്, ഗുരു ചെങ്ങന്നൂർ സ്‌മാരക അവാർഡ്, കലാമണ്ഡലം കൃഷ്ണൻനായർ പുരസ്കാരം, വിയ്യത്ത് രാമകൃഷ്ണപിള്ള അവാർഡ് എന്നിവ ലഭിച്ചു. 2019 ഫെബ്രുവരി ഏഴിന് അവർ കാലയവനികക്കുള്ളിൽ മറഞ്ഞു.
