സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മൂന്നൂനാള്‍ മാത്രം ശേഷിക്കെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി സംഘാടകര്‍. 63-ാം സംസ്ഥാന കായികോത്സവത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കാണ് വേദിയാവുന്നത്.
16 മുതല്‍ 19 വരെയാണ് കായിക മേള. അത്ലറ്റിക് ഫെഡറേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയമാണ് മാങ്ങാട്ടുപറമ്പ്. ഹാമര്‍, ഡിസ്‌ക്, ജാവലിന്‍ മത്സരങ്ങള്‍ ഒരേ സമയം നടക്കില്ല. ലോംഗ്ജമ്പ് പിറ്റിന് സമീപവും ആവശ്യമായ റണ്ണിംഗ് ഏരിയയുണ്ട്. പവലിയന് സമീപം 100 ബെഡ്ഡുള്ള മെഡിക്കല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്തരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങള്‍ ട്രാക്കില്‍ ഒരുക്കി കഴിഞ്ഞതായി കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവിയും മേളയുടെ സംഘാടകസമിതി വൈസ് ചെയര്‍മാനുമായ പ്രൊഫ. പിടി ജോസഫ് പറഞ്ഞു.