ഓപ്പറേഷന്‍ കുബേരയില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നിഷില്‍ പിടിയിലായി. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. സ്ഥാപനത്തില്‍ നിന്ന് അഞ്ചര ലക്ഷം രൂപയും നിരവധി ചെക്കു ലീഫുകളും, ഭൂമിയുടെ പ്രമാണങ്ങളും കണ്ടെടുത്തു. പണം പലിശക്കെടുത്തവരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊല്‍പ്പാക്കര സ്വദേശി മണികണ്ഠനെതിരെയും കേസെടുത്തിട്ടുണ്ട്.
വിജിലന്‍സിന്റെയും, ജില്ലാ പൊലീസ് മേധാവിയുടെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും എസ് എസ്ബിയുടെയും രഹസ്യ വിവരത്തെ തുടര്‍ന്ന് കോടതിയുടെ വാറണ്ടോടു കൂടിയാണ് പണമിടപാട് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തി.
ഓപ്പറേഷന്‍ ഷൈലോക്ക് എന്ന പേരിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായ നിഷില്‍ ഇതിനുമുമ്പും സമാന കേസില്‍ പിടിയക്കപ്പെട്ടിട്ടുണ്ട്. നേരത്തെ റൗഡി ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. അമിത പലിശ ഈടാക്കി ലക്ഷങ്ങള്‍ പലിശക്ക് നല്‍കി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിയും രേഖകള്‍ തിരിച്ച് നല്‍കാതെയും വ്യാപക തട്ടിപ്പ് നടത്തിയെന്ന വിവരമാണ് അധികൃതര്‍ക്ക് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സി ഐക്കു പുറമെ എസ് ഐ ടി ഡി മനോജ്കുമാര്‍, അഡീഷണല്‍ എസ് ഐ കെ വിജയകുമാര്‍, എസ് സിപിഒ പി നാരായണന്‍, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.