28.1 C
Kollam
Friday, March 27, 2026
HomeNewsകുണ്ടറ വികസനം വിവാദത്തിൽ; ആരോപണങ്ങൾക്ക് വിഷ്ണുനാഥിന്റെ മറുപടി

കുണ്ടറ വികസനം വിവാദത്തിൽ; ആരോപണങ്ങൾക്ക് വിഷ്ണുനാഥിന്റെ മറുപടി

- Advertisement -

കുണ്ടറയുടെ വികസന പ്രവർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ അധ:പതനത്തിലാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാറും എൻഡിഎ സ്ഥാനാർത്ഥി റോബിൻ രാധാകൃഷ്ണനും ആരോപിക്കുമ്പോൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിറ്റിംഗ് എംഎൽഎ ആയ പി സി വിഷ്ണുനാഥ് കാര്യകാരണങ്ങൾ നിരത്തി ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച “വോട്ടും വാക്കും” എന്ന സംവാദ പരിപാടിയിൽ സംവദിക്കുകയായിരുന്നു മൂവരും.

കുണ്ടറ നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ചും തന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും സജി കുമാർ സംസാരിക്കുന്നു:

കഴിഞ്ഞ അഞ്ചുവർഷം കുണ്ടറയിൽ വികസനം പിന്നിലായിപ്പോയെന്നും നിലവിലെ എം.എൽ.എ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുടിവെള്ള പദ്ധതികൾക്കായി മുൻ എം.എൽ.എ ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയതുപോലെയുള്ള ഇടപെടലുകൾ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനത്തിന് ബുദ്ധി മാത്രമല്ല, ഹൃദയവിശാലതയും വേണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
തന്റെ ഭരണകാലത്തെ നേട്ടങ്ങളും അദ്ദേഹം വിവരിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2005-ൽ ഭിന്നശേഷി കുട്ടികൾക്കായി ‘സ്നേഹാലയം’ സ്കൂൾ ആരംഭിച്ചതും, 2006-ൽ സംസ്ഥാനത്തിന് മാതൃകയായ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, തദ്ദേശ സ്ഥാപനങ്ങൾ വഴി പാലിയേറ്റീവ് കെയർ എങ്ങനെ നടപ്പിലാക്കാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. കെയർഫെഡ് ചെയർമാനായിരുന്നപ്പോൾ സ്ഥാപനത്തെ ലാഭത്തിലാക്കിയതിനും മികച്ച പ്രവർത്തനത്തിനുമായി രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ലഭിച്ച കാര്യവും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കുണ്ടറയെ വികസനത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് ചൂട് കനക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്


എൻഡിഎ സ്ഥാനാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ:

തുടക്കത്തിൽ കുണ്ടറയെക്കുറിച്ച് അധികം അറിവില്ലായിരുന്നെങ്കിലും ചാറ്റ് ജിപിറ്റി വഴിയും മറ്റും മണ്ഡലത്തെക്കുറിച്ച് പഠിച്ചാണ് താൻ എത്തിയതെന്ന് അദ്ദേഹം സമ്മതിക്കുന്നു. സ്ഥാനാർത്ഥിയായി വന്ന തന്നെ ബി.ജെ.പി പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും സന്ദർശനം നടത്തിയപ്പോൾ, വോട്ട് ചോദിച്ചു വരുന്നവർ ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന ജനങ്ങളുടെ വലിയ പരാതിയാണ് തനിക്ക് കേൾക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ പ്രധാന പ്രശ്നം കുടിവെള്ള ക്ഷാമമാണെന്നും അടിസ്ഥാനപരമായ ഈ ആവശ്യം പോലും നിറവേറ്റാൻ നിലവിലെ എം.എൽ.എയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറമെ കാണുന്ന റോഡുകൾക്കപ്പുറം ഉള്ളിലെ റോഡുകളെല്ലാം കുണ്ടും കുഴിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ രീതിയിലുള്ള രാഷ്ട്രീയക്കാരെ വീണ്ടും തിരഞ്ഞെടുത്താൽ വികസനം ഉണ്ടാകില്ലെന്നും, കേന്ദ്ര സർക്കാർ തന്നെ ഇവിടെ നിയോഗിച്ചത് കുണ്ടറയെ 140 മണ്ഡലങ്ങൾക്കും മാതൃകയാക്കി മാറ്റാനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണത്തെ മത്സരം ഒരു ത്രികോണ പോരാട്ടമാണെന്നും എൻ.ഡി.എയ്ക്ക് വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പിണറായി വിജയൻ-രാഹുൽ ഗാന്ധി വാക്കേറ്റം; കേരള രാഷ്ട്രീയത്തിൽ ചൂടേറിയ സാഹചര്യം


കുണ്ടറ എം.എൽ.എ എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളെയും വികസന നേട്ടങ്ങളെയും കുറിച്ച് പി.സി. വിഷ്ണുനാഥ്:

പതിനഞ്ചാം നിയമസഭയിൽ 1174 ചോദ്യങ്ങൾ ഉന്നയിച്ചും 20 അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചും മികച്ച സാമാജികനായി പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ലഹരിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രമേയമാണ് സംസ്ഥാനതല ക്യാമ്പയിന് വഴിയൊരുക്കിയത്. എം.എൽ.എ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്താണെന്നും 21 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നേടിയെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന കുണ്ടറയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പള്ളിമുക്ക് മേൽപാലത്തിനായി 43 കോടി രൂപ അനുവദിച്ചതും സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതും പ്രധാന നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കുണ്ടറ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി 5 കോടി രൂപ അനുവദിച്ചതും കണ്ണനല്ലൂർ ടൗൺ വികസനത്തിനായി 32 കോടി രൂപ ചെലവഴിച്ചതും അദ്ദേഹം വിശദീകരിച്ചു. വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന് അതീതമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തൊക്കെയായാലും പഴിചാരലും വിഴിപ്പലക്കലുമല്ല ജനങ്ങൾക്ക് വേണ്ടത്. നാടിൻ്റെ വികസനമാണ് അവർ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും അതിനാവശ്യമായ തുടർ നടപടികളുമാണ് വേണ്ടത്. ജയിച്ചു വരുന്ന ഏതൊരു ജനപ്രതിനിധിയും ഇതാണ് ചെയ്യേണ്ടത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments