ചെന്നൈയില്‍ അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത്. ഡെലിവര്‍ ഹെല്‍ത്ത് എന്ന സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. കമ്പനി അനുവദിച്ച നാനാ ഹോം എന്ന താമസസ്ഥലത്തായിരുന്നു ശ്രീദാസ് കഴിഞ്ഞിരുന്നത്.
പൊങ്കല്‍ അവധിയോടനുബന്ധിച്ച് താമസസ്ഥലത്തെ മുറികളില്‍ പെസ്റ്റ് കണ്‍ട്രോളിനായി മരുന്നുകള്‍ വച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ശ്രീദാസിനെ നാനാ ഹോം അധികൃതര്‍ അറിയിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി ഉറങ്ങുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ചതോടെ അത് ശ്വാസകോശത്തിലേക്ക് പടര്‍ന്ന് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കുകയും പിന്നീട് ഹൃദയത്തിലേക്ക് വ്യാപിച്ച് ഹൃദയാഘാതത്തിന് കാരണമായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.





















