സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കൊല്ലം ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്. വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവുമാണ്. ഇരുവരുടെയും പോക്കറ്റുകളില്‍ നിന്നാണ് കൈയെഴുത്തിലുള്ള കുറിപ്പുകള്‍ ലഭിച്ചത്. പുലര്‍ച്ചെ പരിശീലനത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഹോസ്റ്റല്‍ വാര്‍ഡന്‍, പരിശീലകര്‍, സഹതാമസക്കാര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴികള്‍ ശേഖരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.





















