ആഗോളതാപനവും അന്തരീക്ഷത്തിലെ കാർബൺ അളവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കാർബൺ ന്യൂട്രാലിറ്റിയെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ടെന്ന് ഗ്രീൻ എനർജി ഫോറത്തിന്റെ വാർഷിക പൊതുയോഗം വിലയിരുത്തി. ഈ ലക്ഷ്യത്തോടെ സ്കൂൾതലം മുതൽ ബന്ധപ്പെട്ട വിഷയങ്ങൾ പാഠ്യ–പാഠ്യേതര വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലത്ത് ചേർന്ന ഗ്രീൻ എനർജി ഫോറത്തിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രൊഫസർ പി. ഓ. ജെ. ലബ്ബ പ്രസിഡന്റായും, ഡോ. എസ്. രത്നകുമാർ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കെ. എം. ധരേശൻ ഉണ്ണിത്താനും ഡോ. ബിജുനാകുഞ്ഞുവും വൈസ് പ്രസിഡന്റുമാരായി.
ഡോ. മധുസൂദനൻ പിള്ള കെ, ഡോ. സിനി എ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. എൻ. സുരേഷ്‌കുമാറാണ് ട്രഷറർ.


പരിസ്ഥിതി സംരക്ഷണവും പുതുക്കാവുന്ന ഊർജ സ്രോതസുകളുടെ പ്രാധാന്യവും പൊതുസമൂഹത്തിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് വ്യക്തിഗതതലത്തിലും സ്ഥാപനതലത്തിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ഫോറം അറിയിച്ചു.





















