നീണ്ടകര ഹാർബറിൽ മൽസ്യം വാങ്ങാനെത്തിയ വിൽപ്പനക്കാരന് നേരെ ലേലക്കാരന്‍റെ ആക്രമണം. കൊല്ലം തഴുത്തല സ്വദേശി സലീമിനാണ് മർദനമേറ്റത്. പഴകിയ മീൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് സംബന്ധിച്ചുള്ള തർക്കത്തിനെ തുടർന്നായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.
സലീമും ബന്ധുവും മീൻ ലേലം കൊള്ളാനായി നീണ്ടകര ഹാർബറിലെത്തി, ചൂണ്ടമീനുമായി എത്തിയവരുമായി ലേലം ഉറപ്പിച്ചു. പിന്നീട് മത്സ്യം പരിശോധിച്ചപ്പോഴാണ് ഭൂരിപക്ഷവും ചീഞ്ഞളിഞ്ഞതാണെന്ന് വ്യക്തമായത്.
തുടർന്ന് മത്സ്യം മാറ്റി നൽകാൻ സലീം ആവശ്യപ്പെട്ടു. എന്നാൽ ലേലക്കാരനായ ജോസഫ് മത്സ്യം മാറ്റി നൽകാൻ തയാറായില്ലെന്ന് മാത്രമല്ല പണം പിടിച്ചുപറിച്ചെന്നും സലീം പരാതിയിൽ പറയുന്നു.
പണം തിരികെ ചോദിച്ചപ്പോൾ ജോസഫ് കയ്യേറ്റം ചെയ്തു. മുഖത്ത് അടിച്ചു. നെഞ്ചിൽ ചവിട്ടി. മീൻ തൂക്കുന്ന ഉപകരണത്തിൽ മുഖം ഇടിച്ച് പരുക്കേറ്റു. പരാതി നൽകിയെങ്കിലും പോലിസ് നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.
ഇടമുളക്കൽ സ്കൂളിൽ മോഷണം ; സിസിടിവി ഹാർഡ് ഡിസ്കും ഡിവിആറും മാത്രം കവര്‍ന്നു
സംഭവത്തിൽ പ്രതിഷേധിച്ച് മത്സ്യവിൽപനക്കാർ ഹാർബറിന്‍റെ കവാടം ഉപരോധിച്ചു.
സലീമിന്‍റെ പരാതിയിൽ ജോസഫിനെ പ്രതിചേർത്ത് ചവറ പോലിസ് കേസെടുത്തു.
