ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ ഈ പദ്ധതി ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുക്കുന്നത്. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട. തന്നെയും ക്ഷണിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
അവരുടെ പദ്ധതിയാണ് ഇത് എന്ന് എങ്ങനെയാണ് അവർ പറയുന്നത്. നായനാർ സർക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നത്. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്തതാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.
വിഴിഞ്ഞം പദ്ധതി ഒരിഞ്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് കോൺഗ്രസും ബിജെപിയുമാണ്. ദൃശ്യങ്ങളെല്ലാം മാധ്യമപ്രവർത്തകരുടെ കൈയ്യിലുണ്ട്. വിഴിഞ്ഞത്ത് അവർ കലാപമുണ്ടാക്കാൻ ശ്രമം നടത്തി. പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. അന്ന് നിർത്തിയിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകില്ലായിരുന്നുവെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു






















