വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ എന്നാണ് സൂചന. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർനടപടികൾ.
ഇന്നലെ ഗോപാലന്റെ മകൻ ബൈജു ഗോപാലനിൽ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 ഇടങ്ങളിൽ ആയാണ് പരിശോധന നടന്നത്. കോഴിക്കോട്ടായിരുന്ന ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ആയിരം കോടിയുടെ നിയമലംഘനം കേന്ദ്ര ഏജൻസി കണ്ടെത്തിയാണ് റിപ്പോർട്ടുകൾ. എമ്പുരാൻ വിവാദത്തിന്‍റെ നിഴലിൽ നിൽക്കുമ്പോഴാണ് ഗോകുലം ഗോപാലനെ തേടി ഇഡിയുടെ വരവ്.
എമ്പുരാൻ സിനിമയുടെ ചില കഥാംശങ്ങൾ പോലെ തന്നെയാണ് ഗോകുലം ഗോപാലനെതിരായ ഇഡി നടപടിയും. സിനിമയിൽ ഇടവേള കഴിഞ്ഞ് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം രാഷ്ടീയത്തിലേക്ക് ചുവടുറപ്പിക്കുന്ന സമയത്താണ് കേന്ദ്ര ഏജൻസികൾ വട്ടമിട്ടെത്തുന്നത്. പി എം എൽ എ നിയമമൊക്കെ എടുത്ത് വീശിയാണ് കഥാപാത്രത്തെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നത്.
തിയേറ്ററുകളിൽ എമ്പുരാൻ കത്തിക്കയറുമ്പോഴാണ് അതിന്‍റെ നിർമാണ പങ്കാളിയായ ഗോകുലം ഗോപാലനെ ഒരു ഇടവേളയ്ക്കു ശേഷം കേന്ദ്ര ഏജൻസിയും വട്ടമിട്ടത്.
