മലയാളികൾക്ക് മലയാളത്തിന്റെ പരിവേഷത്തിൽ നിശ്ശബ്ദ ചിത്രമായി ആദ്യമായി രൂപം കൊണ്ട സിനിമ വിഗതകുമാരനാണ്. 1928 ൽ. ജനയിതാവ് ജെ സി ഡാനിയേൽ. തമിഴ്നാട്ടുകാരനും ദന്ത ഡോക്ട്ടറുമായിരുന്നു.
ചിത്രത്തിലെ നായകനും സംഘാടകനും ഡാനിയേലായിരുന്നു. അക്കാലത്തെ ചലച്ചിത്രഭാഷ നിശ്ശബ്ദതയായിരുന്നു. നിർമ്മാണ ചെലവ് കുറവായിരുന്നു. ചിത്രം നിർമ്മിച്ചത് സ്വത്തുക്കൾ എല്ലാം നഷ്ടപ്പെടുത്തിയായിരുന്നു. പക്ഷേ, സിനിമ സാമ്പത്തികമായി ദയനീയമായി പരാജയമായിരുന്നു.
തിരുവനന്തപുരത്ത് പട്ടത്തായിരുന്നു ഡാനിയേൽ സ്റ്റുഡിയോ തുടങ്ങിയത്. കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരമാണ് ഡാനിയേലിന്റെ സ്വദേശം. തമിഴ് സിനിമകളുടെ ചരിത്രവും സാങ്കേതിക രീതികളും മറ്റും പഠിച്ച ശേഷമായിരുന്നു വിഗതകുമാരൻ നിർമ്മിക്കാൻ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. രണ്ട് മുറിയും രണ്ട് ചെറിയ അടുക്കളയുമടങ്ങിയതായിരുന്നു പട്ടത്തെ സ്റ്റുഡിയോ. മസ്ലിൻ തുണി വലിച്ചു കെട്ടിയാണ് സെറ്റുണ്ടാക്കിയത്.
ഡാനിയേൽ പറഞ്ഞു കൊടുത്ത വാചകങ്ങൾ അഭിനേതാക്കൾ ഏറ്റുപറയും. റെക്കാർഡിംഗ് സമ്പ്രദായം ഉണ്ടായിരുന്നില്ല.
ചിത്രത്തിലെ നായകൻ ഡാനിയേൽ ആയിരുന്നു. മകൻ സുന്ദരം വിഗതകുമാരനായി അഭിനയിച്ചു. ഒരു ധനിക ബാലനെ ശ്രീലങ്കയിലേക്ക് തട്ടിക്കൊണ്ട് പോകുന്നു. അവൻ നല്ല നിലയിൽ എത്തുന്നു. ശേഷം സഹോദരിയെ കാണാൻ നാട്ടിൽ എത്തുന്നു. ഇതാണ് പ്രമേയം.
തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിൽ 1928 ൽ നവംമ്പർ ഏഴിന് ചിത്രം പ്രദർശനത്തിനെത്തി. നാഗർകോവിൽ , ആലപ്പുഴ, തലശ്ശേരി തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചു.
ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ, ചിത്രകരണ ഉപകരണങ്ങൾ വിറ്റ് ഡാനിയേൽ ബോംബെയ്ക്ക് വണ്ടികയറി. എങ്കിലും മലയാള സിനിമയിലെ ആദ്യത്തെ നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഛായഗ്രാഹകൻ, അഭിനേതാവ് , ലാബോറട്ടറി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള അംഗീകാരങ്ങൾക്ക് ജെ സി ഡാനിയേൽ അർഹനായി. പക്ഷേ ഈ ചിത്രം ഇന്ന് ഒരു ഓർമ്മ മാത്രമാണ്. വിഗതകുമാരന്റെ പ്രിന്റ് പോലും ലഭ്യമല്ല.
പിന്നീട് മലയാളത്തിൽ രണ്ടാമതായി ഒരു ചിത്രം ജനിക്കാൻ അഞ്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതും നിശ്ശബ്ദ ചിത്രം. സി വി രാമൻ പിള്ളയുടെ നോവലായിരുന്ന മാർത്താണ്ഡവർമ്മയെ ആസ്പദമാക്കിയുള്ള ചിത്രം. സംവിധായകൻ നാഗർകോവിൽകാരനായിരുന്ന സുന്ദർരാജ്.
പിന്നീട് 1938 ലാണ് മലയാളത്തിൽ ആദ്യമായി ശബ്ദ ചിത്രം ഇറങ്ങുന്നത്. ബാലൻ എന്ന ചിത്രമായിരുന്നു ആ നേട്ടത്തിന് അർഹമായത്.