ആയിരത്തി തൊള്ളായിരത്തി നാല്പത്തിയൊമ്പത്.സെപ്തംബർ 17. രാത്രി 10 മണി. കോരിച്ചൊരിയുന്ന മഴ. കഥ പറയാൻ സ്റ്റേജില്ല. മൈക്കില്ല. നിയോൺ ലൈറ്റുകളില്ല. കടമെടുത്ത ഒരു ഗ്യാസ് ലൈറ്റ് മാത്രം. സ്വന്തമായി ധരിക്കാൻ ഷർട്ടുമില്ല. അതും മറ്റൊരാളിന്റെ.
കഥ പറയാൻ വേദിയായത് ഗുഹാനന്ദപുരത്തെ ക്ഷേത്രാങ്കണത്തിലെ സേവ പന്തൽ. മങ്ങിയ നിലാവെളിച്ചം. പിന്നണിയിൽ നാണുക്കുട്ടൻ ഭാഗവതരും മൃദംഗിസ്റ്റ് ഗോപാലനും.
കേൾവിക്കാർ അഞ്ഞൂറോളം പേർ. ആദ്യ കഥാപ്രസംഗം ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചയാൾ അതി രാവിലെ തന്നെ സ്ഥലം വിട്ടു. അതി ഭയങ്കരമായ എരണക്കേട്.
മഴയ്ക്ക് പിന്നെയും ശമനമില്ല. കുടയുമില്ല. മുങ്ങിയ ഉത്ഘാടകന് പകരക്കാരനായി കണ്ടെത്താൻ പരക്കംപാച്ചിൽ. തലയിൽ തോർത്തും കെട്ടി ഒടുവിൽ യാദൃഛികമായി ഒ നാണു ഉപാദ്ധ്യക്ഷനെ കാണുന്നു. വളരെ സൗമ്യതയോടെ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.
പക്ഷേ, മഴ മാറുന്നില്ല. ” ഞാൻ ഉത്ഘാടനം ചെയ്യാം” എന്ന് ഒ നാണു ഉപാദ്ധ്യക്ഷൻ. സാംബശിവന് ശ്വാസം നേരെ വീണു. പക്ഷേ, മഴയുടെ തുള്ളി മുറിഞ്ഞ് കിട്ടണം.
എങ്ങനെയോ മഴ അകന്നു. ആളുകളുടെ കൂട്ടമായി. ഉത്ഘാടന പ്രസംഗം കഴിഞ്ഞു. പ്രസംഗത്തിന്റെ അംശങ്ങൾ സാംബശിവന് കേൾക്കാനായില്ല. പക്ഷേ ഒന്നു മാത്രം കേട്ടു: “സാധാരണക്കാരന്റെ ശൈലിയിൽ അവർക്ക് ഗ്രഹിക്കത്തക്കവിധം വേണം കഥ പറയാൻ ” .
അതൊരു വലിയ നിർദ്ദേശവും ഉപദേശവുമായിരുന്നു. അന്ന് തുടർന്ന ആ വാക്കുകൾ എക്കാലവും സാംബശിവൻ കാത്തുസൂക്ഷിച്ചു.
കോളേജിൽ ചേരണം. പണമില്ല. നിങ്ങൾ എന്നെ സഹായിക്കുമോ? പകരം ഞാൻ ഒരു കഥ പറയാം. സാംബശിവൻ ശ്രോതാക്കളോട് ചോദിച്ചു. അങ്ങനെ സാംബശിവന്റെ കഥാപ്രസംഗ വേദിയിലെ ആദ്യത്തെ കഥ പറയാൻ സാഹചര്യമായി. കുറ്റങ്ങളുണ്ടാവാം. കുറവുകളുണ്ടാവാം. എല്ലാവരും ക്ഷമിക്കണം. പക്ഷേ, പ്രോത്സാഹിപ്പിക്കണം. സാംബശിവൻ പറഞ്ഞു.
അങ്ങനെ കഥ പറയാൻ ആരംഭിച്ചു. സാംബശിവൻ എന്ന വി സാംബശിവന്റെ കഥാപ്രസംഗ ലോകത്തെ ആദ്യത്തെ കഥ മുഖരിതമാകുന്നു.
അതാണ്; ചങ്ങമ്പുഴയുടെ കാവ്യമായ “ദേവത” !
ദേവതയുടെ ഇതിവൃത്തം ശോകമൂകമായിരുന്നു. അതുകൊണ്ട് തന്നെ കേൾവിക്കാരും കഥയിൽ ലയിച്ചു ചേർന്നു. സദസ്യരോടൊപ്പം സാംബശിവനും കണ്ണുനീർ തുടച്ചു. ആദ്യ വേദിയിൽ തന്നെ ഗംഭീര വിജയം. സാംബശിവന്റെ ഭാഷയിൽ : “ആനന്ദലബ്ദിക്കിനിയെന്തു വേണ്ടു. അന്ന് ഞാൻ പിന്നെ ഉറങ്ങിയില്ല. അഭ്യുദയാർത്ഥികളായ പ്രിയ സതീർത്ഥ്യൻമാരോടൊപ്പം നേരം പുലർച്ചയാവും വരെ സംഭാഷണം ചെയ്തു കഴിഞ്ഞു”.
പിന്നെ, എത്രയെത്ര കഥകൾ. എത്രയെത്ര വേദികൾ.
കഥയുടെ കാഥികനായി മാറിയ ആ അതുല്യ പ്രതിഭ മലയാളത്തിന് എന്നും അഭിമാനിക്കാവുന്നതാണ്. കഥാപ്രസംഗ കലയ്ക്ക് മറ്റ് കലകളിൽ നിന്നും വേറിട്ട ഒരു സ്ഥാനമുണ്ടെന്ന് അരക്കിട്ട് ഉറപ്പിക്കാൻ പര്യാപതമാക്കിയതും വി സാംബശിവനാണ്. അത് എത്ര വാക്കുകൾ കൊണ്ട് നിരത്തിയാലും മതിയാവില്ല.
വ്യക്തമായി പറഞ്ഞാൽ ഇത്രയും നിഷ്ണാതനായ ഒരു വ്യക്തി മലയാളത്തിന് ഉണ്ടായതിൽ അനല്പമായി അഭിമാനിക്കാം!