25.8 C
Kollam
Friday, November 22, 2024
HomeNewsഅകവൂർ ചാത്തനും ഓച്ചിറ മാഹാത്മ്യവും; വിശ്വാസ്യതയുടെ ആത്മീയത

അകവൂർ ചാത്തനും ഓച്ചിറ മാഹാത്മ്യവും; വിശ്വാസ്യതയുടെ ആത്മീയത

- Advertisement -
- Advertisement -

അകവൂർ മനയിലെ വലിയ നമ്പൂതിരക്ക് അഗമ്യാഗമനം അഥവാ “പ്രാപിച്ചു കൂടാത്തവളെ പ്രാപിച്ചപ്പോൾ” അതൊരു ദോഷമായി. ആ ദോഷം അകറ്റാനായി നമ്പൂതിരി ഗംഗാ സ്നാനത്തിന് പുറപ്പെട്ടു.
പറയിപെറ്റ പന്തിരുകുലത്തിലെ ദിവ്യനും അകവൂർ മനയിൽ ദൃത്യവേല എടുത്തു വരുകയുമായിരുന്ന അകവൂർ ചാത്തനെയും വലിയ നമ്പൂതിരി ഒപ്പം കൂട്ടി.

യാത്രയോടൊപ്പം ചാത്തൻ ഒരു കൈപ്പൻ ചുരയ്ക്കാ കൂടി എടുത്തു.വലിയ നമ്പൂതിരി കാശിയിലെത്തി ഗംഗാ സ്നാനം ചെയ്തപ്പോൾ, സ്നാനം ചെയ്യുന്നിടമെല്ലാം ഈ ചുരയ്ക്കയും ചാത്തൻ വെളളത്തിൽ മുക്കി.
തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പാകം ചെയ്ത കറിയിൽ ചുരയ്ക്കായുടെ കഷണങ്ങൾ നുറുക്കി ഇടാൻ ചാത്തൻ നല്കി. അന്നത്തെ ഊണ് കയ്പേറിയതിനാൽ വലിയ നമ്പൂതിരിക്ക് സുഖകരമായി തോന്നിയില്ല.

ചാത്തനെ വിളിച്ച് കാര്യം അന്വേഷിച്ചു.” ഗംഗയിൽ മുക്കിയ ചൂരയ്ക്കായുടെ കയ്പ് പോയിട്ടില്ലെങ്കിൽ തിരുമേനിയുടെ പാപവും പോയിട്ടില്ല” എന്നായിരുന്നു ചാത്തന്റെ മറുപടി. ഇതു കേട്ട് നമ്പൂതിരി ലജ്ജിച്ചു. തുടർന്ന് പാപ മോചനത്തിനായി നമ്പൂതിരി ഇരുമ്പു കൊണ്ട് ഒരു സ്ത്രീ രൂപമുണ്ടാക്കി പഴുപ്പിച്ച് നാട്ടി. അത് ജനമദ്ധ്യത്തിൽ വെച്ച് ആലിംഗനം ചെയ്യാൻ മുതിരുകയും ചെയ്തു.” മതി മതി” ഇത്രയും കൊണ്ട് പാപം പോയിരിക്കുന്നു എന്ന് ചാത്തൻ മറുപടി പറയുകയും നമ്പൂതിരിയെ രക്ഷിക്കുകയും ചെയ്തു.

നമ്പൂതിരി ഒരിക്കൽ ഏഴര വെളുപ്പിന് കുളിയും ജപവും ഹോമവുമായി കഴിയുന്നത് കണ്ട് ചാത്തൻ നമ്പൂതിരിയോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചു. അതിന് ” ഞാൻ പരബ്രഹ്മത്തെ സേവിക്കുകയാണെന്ന് “നമ്പൂതിരി മറുപടി പറഞ്ഞു. പരബ്രഹ്മം എങ്ങനെയിരിക്കുമെന്ന് ചാത്തൻ.”മാടൻപോത്തിനെപ്പോലെയിരിക്കും” എന്ന് നമ്പൂതിരിയും. അധികം താമസിയാതെ ചാത്തൻ മാടൻപോത്തിനെ ധ്യാനിച്ച് ആരാധിച്ച് അതിനെ പ്രത്യക്ഷപ്പെടുത്തി. ഇത് നമ്പൂതിരി അറിഞ്ഞതുമില്ല. അങ്ങനെയിരിക്കെ ഒരിക്കൽ നമ്പൂതിരി തെക്കൻ ദിക്കിലേക്ക് പോകും വഴിയിൽ, ഭാണ്ഡം എടുക്കാൻ ചാത്തനെയും കൂട്ടി. എന്നാൽ, ഈ ഭാണ്ഡം പേറാൻ ചാത്തന് വിധേയനായ മാടൻപോത്തിനെയും ചാത്തൻ കൂടെ ചേർത്തു.

യാത്രക്കിടയിൽ ഓച്ചിറ എന്ന സ്ഥലത്തെത്തി. അവിടെ ഇടുങ്ങിയ സ്ഥലം കടക്കേണ്ടതായിട്ടുണ്ടായിരുന്നു. ചാത്തനും നമ്പൂതിരിയും നിഷ്പ്രയാസം കടന്നു. മാടൻപോത്തിന് കൊമ്പുകളുള്ളതിനാൽ അതിന് കടക്കാനായില്ല. അപ്പോൾ ചാത്തൻ പുറകോട്ട് തിരിഞ്ഞ് “തിരിഞ്ഞ് കടക്കൂ” എന്ന് പറഞ്ഞു.
ഇതു കേട്ട് നമ്പൂതിരി “നീ ആരാടാ സംസാരിക്കുന്നത്” എന്ന് ചാത്തനോട് ചോദിച്ചു. ” മാടൻ പോത്തിനോടെന്ന്” ചാത്തൻ. ഏത് മാടൻപോത്ത്? എനിക്ക് കാണാനാവുന്നില്ലല്ലോ എന്ന് നമ്പൂതിരി. “പരബ്രഹ്മം മാടൻപോത്തു പോലെ” ഇരിക്കുമെന്നല്ലേ അവിടുന്ന് പറഞ്ഞത് എന്ന് ചാത്തൻ.
അതിനെ കാണാൻ എന്നെ തൊട്ടു കൊണ്ട് നോക്കിയാൽ സാധിക്കുമെന്ന് ചാത്തൻ പറയുകയാൽ നമ്പൂതിരി അങ്ങനെ ചെയ്യുകയും മാടൻപോത്തിനെ കാണുകയുമുണ്ടായി.
ചാത്തനോളം ഭക്തി തനിക്കില്ലല്ലോ എന്ന് തിരിച്ചറിഞ്ഞ നമ്പൂതിരി ചാത്തനെ നമസ്ക്കരിച്ചു. തുടർന്ന് മാടൻപോത്ത് മറഞ്ഞ് പോകുകയും ചെയ്തു.ഈ മാടൻപോത്താണ് ഓച്ചിറയിലെ പരബ്രഹ്മം എന്ന വിശ്വാസത്തിന് മൂലാധാരമായി വിവക്ഷിക്കപ്പെടുന്നത് .

ഓച്ചിറയുടെ മാഹാത്മ്യം

മാടൻപോത്ത് അപ്രത്യക്ഷമായതോടെ പോത്തില്ലാതെ ചാത്തൻ നമ്പൂതിരിയോടൊപ്പം പോകാൻ വിസമ്മതനായി. തുടർന്ന് നമ്പൂതിരി യാത്രയാകുകയും ചാത്തൻ അവിടെ ഇരിപ്പുമായി.
ചാത്തൻ കുറെക്കാലം അവിടെയിരുന്ന് തപസ്സ് ചെയ്തു. ഒടുവിൽ, പടക്കളത്തിൽ നടന്ന ഒരു യുദ്ധക്കളിയിൽ പങ്കു ചേരുമ്പോൾ മരണം വരിച്ചതായും അനുമാനിക്കപ്പെടുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments