ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്നു അസീസ് സമ്മതിച്ചതോടെ ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ് തുടരും.
പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ദിവസമായ ഇന്നായിരുന്നു അസീസിനെ നിലനിര്‍ത്തി 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അസീസിന്റെ പേര് നിര്‍ദ്ദേശിച്ചത് ഷിബു ബേബി ജോണ്‍ ആയിരുന്നു.
നേരത്തെ അസീസിനെ സംസ്ഥാന സെക്രട്ടറിയായി നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമവായ തീരുമാനം ആയിരുന്നു. അതിന് ശേഷം ഷിബുബേബി ജോണിന് സെക്രട്ടറി സ്ഥാനം നല്‍കാമെന്നുമാണ് ധാരണ.
നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവിഭാഗവും മത്സരം ഉറപ്പിച്ച് തന്നെ മുന്നോട്ട് പോകുന്നതിനിടെ ആയിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമവായം ഉണ്ടായത്. ഇതോടെ ആര്‍.എസ്.പിയില്‍ മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അടഞ്ഞത്.പാര്‍ട്ടിക്ക് പുതിയ സംസ്ഥാന സെക്രട്ടറി ഉണ്ടാകുമോ എന്ന ചോദ്യമാണ് സമ്മേളനത്തില്‍ പ്രധാനമായും ഉയര്‍ന്നത്. ഇന്നലെ പ്രതിനിധി സമ്മേളനത്തിലടക്കം യുവനേതൃത്വം വരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.
എന്‍.കെ. പ്രേമചന്ദ്രന്‍ പക്ഷത്തിന്റെ പിന്തുണയാണ് അസീസിന് നിര്‍ണായകമായത് എന്നാണ് സൂചന. യു.ഡി.എഫിലെത്തിയത് കൊണ്ട് പര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്ന സ്ഥിതിയാണെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫിലെത്തിയിട്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചവറയിലടക്കം കോണ്‍ഗ്രസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ മത്സരിച്ചെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി