സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെരിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ലഹരി ഉപയോഗവും ലഹരി കടത്തിലും ലഹരി ഉപയോഗത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നതിൽ 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പൊലീസും- എക്സൈസും മാത്രം വിചാരിച്ചാൽ പ്രതിരോധം സാധ്യമാകില്ലെന്ന തിരിച്ചവിലാണ് ജനകീയ ക്യാമ്പയിനിലേക്ക് സർക്കാർ കടന്നത്.
അതിനിടെ നാളെ ഞായറാഴ്ച ദിവസം സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനെതിരെ കെസിബിസി രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച പരിപാടി നടത്തുന്നതിൽ കെസിബിസി എതിർപ്പ് തുടരുകയാണ്. എന്നാൽ ഗാന്ധി ജയന്തി ദിവസത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പരിപാടിയുമായി സഹകരിക്കണമെന്നാണ് സർക്കാർ ആവശ്യം.
ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതിനാൽ മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റണമെന്നാണ് കെസിബിസിയുടെ ആവശ്യം. നാളെ കെസിബിസിയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടന അറിയിച്ചിരുന്നു.