കൊല്ലം – പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് ശാസ്താംകോട്ട പോരുവഴിയിൽ എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണം തുലാസിലായി. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഇവിടെ യു.ഡി.എഫ് ഭരണം നടത്തുന്നത്.പി.എഫ്.ഐയെ നിരോധിച്ചതോടെ എസ്.ഡി.പി.ഐ പിന്തുണയിലുള്ള ഭരണത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. രാജി ആവശ്യം എൽ.ഡി.എഫും ബി.ജെ.പിയും ഒരു പോലെ ഉയർത്തുമ്പോൾ കോൺഗ്രസിന് അകത്തു നിന്നുപോലും രാജിക്കായി മുറവിളി ശക്തമായിട്ടുണ്ട്.
18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ഒരു കക്ഷിക്കും ഭരണത്തിലേറാൻ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യു.ഡി.എഫ് – 5, എൽ.ഡി.എഫ് – 5, ബി.ജെ.പി- 5,എസ്.ഡി.പി.ഐ -3 എന്നിങ്ങനെയാണ് കക്ഷിനില. എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയിലാണ് യു.ഡി.എഫ് ഭരണത്തിലേറിയത്.എന്നാൽ ഇത് വിവാദമായതോടെ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു.
എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവ്നയമായിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസുകാർ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.തുടർന്നുള്ള കോൺഗ്രസ് വേദികളിലെല്ലാം ബിനു മംഗലത്തിന്റെ സാന്നിധ്യം കാണാമായിരുന്നു.നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.അതിനിടെ നിരോധനം പോപ്പുലർ ഫ്രണ്ടിന് മാത്രമാണെന്നും അവരുടെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും രാജി ആവശ്യത്തിൽ കഴമ്പില്ലെന്നും എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചു. പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതി രാജിവച്ചാൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
![](https://mediacooperative.in/wp-content/uploads/2023/06/favicon.png)