ബഫർ സോണിൽ 2019 ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് മന്ത്രി ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു. എന്നാൽ, 2019 ലെ മന്ത്രിസഭാ തീരുമാനം, സർക്കാർ ഉത്തരവ് എന്നിവ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു.
സർക്കാർ പോസിറ്റീവ് ആയി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ എംഎൽഎ സണ്ണി ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ നിലവിലുള്ളത് പുതിയ ഉത്തരവാണെന്ന് വനമന്ത്രി വിശദീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, 2019ലെ തീരുമാനം 2020 ലെ മന്ത്രിതല യോഗത്തിൽ എങ്ങനെ തിരുത്താൻ ആകുമെന്ന ചോദ്യമുയർത്തി.
ഇപ്പോഴും നിലനിൽക്കുന്നത് 2019ലെ മന്ത്രിസഭാ യോഗശേഷമുള്ള ഉത്തരവാണ്. ബഫർ സോൺ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂർണ ഉത്തരവാദി സർക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാൽ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്രിയും തിരിച്ചടിച്ചു. മന്ത്രി സഭാ ഉത്തരവും സുപ്രീം കോടതി വിധിയും തമ്മിൽ ബന്ധമില്ല. കേരളത്തെ കേൾക്കാതെ ആയിരുന്നു സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി വിശദീകരിച്ചു.