കൊല്ലം അയത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണിൽ ഇടനിലക്കാരി ഇവർ അറിയാതെ കൂടുതൽ തുക തട്ടിയെടുത്തതായാണ് ആരോപണം. ഇടനിലക്കാരിയായ പോളയത്തോട് സ്വദേശി ലേഖ വഞ്ചിച്ചെന്നും, തന്നെ കടക്കാരിയാക്കിയെന്നുമാണ് വീട്ടമ്മയുടെ അത്മഹത്യകുറിപ്പിൽ പറയുന്നത്.
ഈ മാസം പത്തിനാണ് അയത്തിൽ സ്വദേശി സജിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിലൂടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വിവരം പുറം ലോകം അറിയുന്നത്. 2014 ൽ പോളയത്തോട് സ്വദേശിയായ ലേഖ പത്ത് പേരടങ്ങുന്ന വീട്ടമ്മമാരുടെ ചെറു സംഘങ്ങൾ രൂപീകരിച്ച് മൂന്ന് ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്തു നൽകിയിരുന്നു. വായ്പയെടുത്ത പണം വീട്ടമ്മമാര്‍ കൃത്യമായി തിരിച്ചടക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ചതിയിൽ പെട്ടെന്ന് അവർ തിരിച്ചറിഞ്ഞത് ഈയടുത്താണ്.
ലോണെടുത്തതിൽ ഇനിയും വലിയൊരു തുക തിരിച്ചടയ്ക്കാനുണ്ടെന്ന് കാട്ടി ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. ഇതോടെയാണ് വീട്ടമ്മമാരുടെ രേഖകൾ ഉപയോഗിച്ച് ഇടനിലക്കാരി ലേഖ വലിയ തുക ബാങ്കിൽ നിന്ന് വായ്പ ഇനത്തിൽ തട്ടിയെടുത്തതായി കണ്ടെത്തുന്നത്.
ലേഖയെ വീട്ടമ്മമാർക്ക് പരിചയപ്പെടുത്തിയ സജിനി ഇതോടെ പ്രതിസന്ധിയിലായി. പലതവണ പ്രശ്നം പരിഹരിക്കണമെന്ന് സജിനി ആവശ്യപ്പെട്ടിട്ടും ലേഖ കൈ മലർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമ്മര്‍ദം സഹിക്കാനാവാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പരാതി.
പത്ത് പേരടങ്ങുന്ന ആറ് സംഘങ്ങളായിരുന്നു ലേഖ തുടങ്ങിയത്. ലക്ഷങ്ങളാണ് ഇവരുടെ പേരിൽ തട്ടിയെടുത്തത്. പറ്റിക്കപ്പെട്ടവരിലേറെയും കശുവണ്ടി തൊഴിലാളികൾ. വീട്ടമ്മയുടെ ആത്മഹത്യക്ക് പിന്നാലെ ലേഖ ഒളിവിൽ പോയി. കിളികൊല്ലൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്.