വടകര സ്വദേശി സജീവൻ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർക്ക് മുൻകൂർ ജാമ്യം. വടകര എസ് ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസർ പ്രജീഷ്, എന്നിവർക്കും സസ്പെൻഷനിലുളള എ എസ് ഐ അരുൺ, സി പി ഒ ഗിരീഷ് എന്നിവർക്കുമാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഹൃദയാഘാതം മൂലമാണ് സജീവന്‍റെ മരണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു വടകര പൊലീസ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു.






















