കോഴിക്കോട് പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്.
ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു.
പന്തിരിക്കര ഇർഷാദ് കേസിൽ മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ് മുഖ്യപ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. സ്വർണ്ണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി.
ഇവരുടെ അറസ്റ്റ് ആണ് ഇനി കേസ് അന്വേഷത്തിൽ നിർണ്ണായകമാകുക. വിദേശത്തുള്ള പ്രതികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാൻ നാസർ നാട്ടിലെത്തിയിരുന്നു. ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി. ഒടുവിൽ ഇർഷാദ് മരിച്ച ശേഷം ജൂലൈ 19 ന്, ഇയാൾ വിദേശത്തേക്ക് തിരിച്ചുപോയെന്നാണ് പൊലീസിനുള്ള വിവരം. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഇർഷാദ് ചാടിപ്പോയെന്ന് പറയപ്പെടുന്ന പുറക്കാട്ടിരി പാലത്തിന് സമീപത്തും നാസറിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി ചില ദൃക്സാക്ഷി മൊഴികളുണ്ട്.