ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻറെ അംഗീകാരം ലഭിച്ചു. നൂറു സീറ്റുകളിലേക്ക് ഈ വർഷം പ്രവേശനം നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിന് വീണ്ടും അംഗീകാരം കിട്ടിയത്. മെഡിക്കൽ കോളജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഈ വർഷം അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി മാസമാദ്യം നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തി. പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി.
അധ്യാപകരുടെയും റെസിഡൻറ് ട്യൂട്ടർമാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റൽ, ലൈബ്രറി, പരിശോധന ഉപകരണങ്ങൾ എന്നിവയുടെ കുറവുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോർട്ട് സമർപ്പിച്ചതിനെ തുടന്നാണ് അംഗീകാരം ലഭിച്ചത്. ആരോഗ്യ സവ്വകലാശാലയുടെയും സക്കാരിൻറെയും തീരുമാനം വന്നാൽ ഈ വർഷം തന്നെ 100 കുട്ടികൾക്ക് ഇടുക്കി മെഡിക്കൽ കോളജിൽ പഠനം തുടങ്ങാനാകും.2014 സെപ്റ്റംബർ 18-നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി കൊണ്ട് മെഡിക്കൽ കോളജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രിയാണ് മെഡിക്കൽ കോളജാക്കി മാറ്റിയത്.